ടിക്കറ്റ് നിരക്ക് നാലിരട്ടി; ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാകുമ്പോള്‍ മറ്റ് വിമാനക്കമ്പനികളുടെ ആകാശക്കൊള്ള

ടിക്കറ്റ് നിരക്ക് നാലിരട്ടി; ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാകുമ്പോള്‍ മറ്റ് വിമാനക്കമ്പനികളുടെ ആകാശക്കൊള്ള


ന്യുഡല്‍ഹി: ഇന്‍ഡിഗോയുടെ ആഭ്യന്തര വിമാനസര്‍വീസുകള്‍ വ്യാപകമായി റദ്ദായതോടെ യാത്രക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. ഈ സാഹചര്യം മുതലെടുത്ത് എയര്‍ ഇന്ത്യ അടക്കമുള്ള മറ്റ് വിമാനക്കമ്പനികള്‍ ഞായറാഴ്ച വരെയുള്ള ടിക്കറ്റ് നിരക്കുകള്‍ വന്‍ തോതില്‍ ഉയര്‍ത്തിയിരിക്കുകയാണ്. പല റൂട്ടുകളിലും സാധാരണ നിരക്കിന്റെ നാലിരട്ടിയോളം വില ഈടാക്കിയതോടെ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഇരട്ടിയായി.

ഡല്‍ഹിയില്‍ നിന്ന് നാളെ ചെന്നൈയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ ഒരുലക്ഷം രൂപയ്ക്കും മുകളിലാണ്. നിരക്കുകള്‍ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, പൂനെ, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകളിലാണ് വിലക്കയറ്റം കൂടുതല്‍ പ്രകടമായത്. നാളെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് അമ്പതിനായിരം രൂപ കടന്നിട്ടുണ്ട്.

ഇന്ത്യയിലെ ആഭ്യന്തര വിമാന സര്‍വീസുകളുടെ ഏകദേശം 60 ശതമാനവും കൈകാര്യം ചെയ്യുന്ന ഇന്‍ഡിഗോയില്‍ ജീവനക്കാര്‍ പണിമുടക്കിയതോടെയാണ് സര്‍വീസുകള്‍ താറുമാറായത്. ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളായി മറ്റ് വിമാനക്കമ്പനികള്‍ മാറുകയും യാത്രക്കാരില്‍നിന്ന് അമിത നിരക്കുകള്‍ ഈടാക്കുകയുംചെയ്യുകയാണ്.

ഇന്ന് ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളിലെ ടിക്കറ്റുകള്‍ മുഴുവനായും വിറ്റുതീര്‍ന്നു. നാളത്തേക്കുള്ള ടിക്കറ്റുകള്‍ ഒരുലക്ഷത്തിനു മുകളിലാണ്. വിമാന നിരക്കുകളിലെ ഈ അമിത വര്‍ധനയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് കാരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.