ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദായപ്പോള്‍ ടിക്കറ്റിന് ചെലവഴിക്കേണ്ടി വന്നത് ലക്ഷങ്ങള്‍

ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദായപ്പോള്‍ ടിക്കറ്റിന് ചെലവഴിക്കേണ്ടി വന്നത് ലക്ഷങ്ങള്‍


മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇന്‍ഡിഗോയുടെ വിമാങ്ങള്‍ രാജ്യത്തുടനീളം വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. സാങ്കേതിക തകരാറുകള്‍, ജീവനക്കാരുടെ കുറവ്, പുതുക്കിയ പൈലറ്റ് ചട്ടങ്ങള്‍ എന്നിവയാണ് അനിയന്ത്രിത റദദ്ദാക്കലുകള്‍ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധങ്ങളും തിരക്കുകളും അടങ്ങിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കൊപ്പം നിരവധി സിനിമ, ടെലിവിഷന്‍, ഇന്‍ഫ്‌ളുവന്‍സര്‍ തുടങ്ങിയവര്‍ വിമാനതടസ്സത്തെ തുടര്‍ന്ന് കടുത്ത നിരാശ പ്രകടിപ്പിച്ചു.

മഹേഷ് ബാബുവിന്റെ സഹോദരനായ നടന്‍ നരേഷ് വിജയകൃഷ്ണ ഹൈദരാബാദ് എയര്‍പോര്‍ട്ടിലെ തിരക്കിന്റെയും സംഘര്‍ഷത്തിന്റെയും ദൃശ്യങ്ങളുള്ള വീഡിയോ പങ്കുവെച്ചു കുറിപ്പെഴുതി. 

രാവിലെ 8.15ന് ഹൈദരബാദ് ടെര്‍മിനലില്‍ എത്തിയപ്പോള്‍ എല്ലാ ഇന്‍ഡിഗോ ഫ്‌ളൈറ്റുകളും വൈകിയിരുന്നുവെന്നും യാത്രക്കാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫിനുമിടയില്‍ പൂര്‍ണ്ണയുദ്ധാവസ്ഥയാണ് കണ്ടതെന്നും അദ്ദേഹം കുറിച്ചു. 

ഇന്‍ഡിഗോ സര്‍വീസ് അനന്തമായി നീണ്ടതോടെ ചിലര്‍ക്ക് ടിക്കറ്റ് മാറ്റിയെടുക്കാന്‍ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വന്നത്. ടെലിവിഷന്‍ താരം നിയാ ശര്‍മ പുതിയ ടിക്കറ്റെടുക്കാന്‍ 54,000 രൂപയാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കി.

ഗായകന്‍ രാഹുല്‍ വൈദ്യയ്ക്ക് കൊല്‍ക്കത്തയില്‍ രാത്രി ഷോയില്‍ പങ്കെടുക്കാനുള്ള യാത്ര പ്രതിസന്ധിയിലായതോടെ അദ്ദേഹം ഗോവ- മുംബൈ യാത്രയ്ക്കു മാത്രമായി 4.2 ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടി വന്നതെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തി.

തുടര്‍ച്ചയായ വിമാന യാത്രാ തടസ്സം ദേശീയ തലത്തില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയും സമയപരിമിതിയും ഉറപ്പാക്കുന്നതില്‍ വിമാനക്കമ്പനികള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമാകുന്നു.