ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും 97 വര്‍ഷം പഴക്കമുള്ള ഹൈദരാബാദ് ഹൗസിലാണ് ചര്‍ച്ചകള്‍ നടത്തുക. വെള്ളിയാഴ്ച രാവിലെ, ഇരുരാജ്യ പ്രതിനിധി സംഘങ്ങളുടെയും ചര്‍ച്ചകള്‍ ഹൈദരാബാദ് ഹൗസില്‍ നടത്തും. പിന്നീട് ഉച്ചയ്ക്ക് 1.50ഓടെ സംയുക്ത പ്രസ്താവന പുറത്തുവരും.
ഇതോടെ ഹൈദരാബാദ് ഹൗസ് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത് ഒരു സര്‍ക്കാര്‍ കെട്ടിടം മാത്രമല്ല; രാജ്യത്തിന്റെ പ്രധാന നയതന്ത്ര വേദിയായി വളര്‍ന്നതാണ് പ്രത്യേകത.
1928ല്‍ നിര്‍മാണം പൂര്‍ത്തിയായ ഹൈദരാബാദ് ഹൗസ് അന്നത്തെ ലോക സമ്പന്നരില്‍ ഒരാളായ നിസാം മിര്‍ ഉസ്മാന്‍ അലിയാണ് നിര്‍മിച്ചത്. വൈസ്രോയിയുടെ ഭവനത്തിന് (ഇന്നത്തെ രാഷ്ട്രപതി ഭവന്‍) സമീപം ന്യൂഡല്‍ഹിയില്‍ സ്ഥിര താമസമൊരുക്കാന്‍ നിസാം ആഗ്രഹിച്ചു. 8.2 ഏക്കറില്‍ അദ്ദേഹം ഭൂമി വാങ്ങി. പിന്നീട് അയല്‍വാസിയുടെ 3.73 ഏക്കര്‍ സ്ഥലവും ചേര്‍ത്തു.
ഏകദേശം 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഹൈദരബാദ് ഹൗസിന് ഇന്നത്തെ നിരക്കില്‍ 378 കോടി രൂപയാണ് ഏകദേശം മൂല്യം കണക്കാക്കുന്നത്. ന്യൂഡല്‍ഹിയിലെ സാമ്രാജ്യത്വ ശൈലിയിലുള്ള പ്രധാന കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്ത സര്‍ എഡ്വിന്‍ ല്യൂട്ടന്‍സാണ് ഈ മന്ദിരത്തിന്റെയും രൂപശില്പി. യൂറോപ്യന്‍- മുഗള്‍ ശൈലികള്‍ ചേര്‍ത്താണ് ഈ കെട്ടിടത്തിന്റെ രൂപകല്‍പ്പന. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയുടെ പ്രധാന നയതന്ത്ര വേദികളിലൊന്നാണ് ഹൈദരബാദ് ഹൗസ്.
നിര്‍മാണം പൂര്‍ത്തിയായി ഏകദേശം ഒരു ദശകത്തിന് ശേഷം ആദ്യമായി കെട്ടിടത്തിലെത്തിയ നിസാം ഇതിനെ കാലിത്തൊഴുത്തിനേക്കാള്‍ മെച്ചമല്ല എന്ന് പരിഹസിച്ചുവെന്നാണ് രേഖകള്‍. ഒരിക്കലും അദ്ദേഹം ഇവിടെ താമസിച്ചിട്ടില്ല.
1937ല്‍ ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി നിസാമിനെ പ്രഖ്യാപിച്ചിരുന്നു.
1954ല്‍ വിദേശകാര്യ മന്ത്രാലയം ആന്ധ്രപ്രദേശ് സര്‍ക്കാരില്‍ നിന്ന് ഹൈദരാബാദ് ഹൗസ് ലീസിന് ഏറ്റെടുത്തു. അതോടെ ഇത് രാജ്യത്തിന്റെ ഉയര്‍ന്ന നയതന്ത്ര ചര്‍ച്ചകളുടെ സ്ഥിരം വേദിയായി മാറി. വിദേശ രാഷ്ട്രത്തലവന്‍മാരേയും സര്‍ക്കാര്‍ മേധാവികളേയും സ്വീകരിക്കുന്നതിനും നയതന്ത്ര വിരുന്നുകള്‍ സംഘടിപ്പിക്കുന്നതിനുമുള്ള പ്രധാന വേദിയാണ് ഹൈദരബാദ് ഹൗസ്.
ശലഭത്തിന്റെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത ഹൈദരബാദ് ഹൗസില്‍ ആദ്യം 36 മുറികളുണ്ടായിരുന്നു. കെട്ടിട നിര്‍മാണത്തിന് ബര്‍മയില്‍ നിന്നുള്ള തേക്ക് തടികളാണ് ഉപയോഗിച്ചിരുന്നത്. വൈദ്യുത ഫിറ്റിംഗ്‌സുകള്‍ ന്യൂയോര്‍ക്കില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്.
ഹൈദരബാദ് ഹൗസിലെ അകത്തെ അലങ്കാരങ്ങളില്‍ അന്നത്തെ പ്രമുഖ കലാകാരന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ലാഹോര്‍ സ്വദേശിയായ പ്രശസ്ത ചിത്രകാരന്‍ അബ്ദുല്‍ റഹ്മാന്‍ ചുഗ്തായ് വരച്ച 30 ചിത്രങ്ങള്‍ 12000 രൂപയ്ക്കാണ് അക്കാലത്ത് വാങ്ങിയത്. ഇറാഖ്, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍പെറ്റ്, 500 അതിഥികള്‍ക്ക് ഒരേസമയം ഭക്ഷണം വിളമ്പാന്‍ സാധിക്കുന്ന ഡൈനിംഗ് ഹാള്‍ എന്നിവയുണ്ടായിരുന്നു.
അമിതമായ പാശ്ചാത്യ ശൈലി കെട്ടിടത്തിനുണ്ടെന്ന നിസാമിന് തോന്നിയതിനാല്‍ അദ്ദേഹം ഈ കെട്ടിടത്തെ കാര്യമായി ഇഷ്ടപ്പെട്ടിരുന്നില്ല. 1954ല്‍ തന്റെ അവസാന സന്ദര്‍ശനത്തില്‍ നിസാം നല്‍കിയ വിരുന്നില്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
