വിദേശികള്‍ക്കായി മദ്യലഭ്യത വ്യാപിപ്പിച്ച് സൗദി; അരാംകോ സമുച്ചയത്തിലും ജിദ്ദയിലും പുതിയ ഔട്ട്‌ലെറ്റുകള്‍

വിദേശികള്‍ക്കായി മദ്യലഭ്യത വ്യാപിപ്പിച്ച് സൗദി; അരാംകോ സമുച്ചയത്തിലും ജിദ്ദയിലും പുതിയ ഔട്ട്‌ലെറ്റുകള്‍


റിയാദ്/ജിദ്ദ: വിദേശ തൊഴിലാളികള്‍ക്കും നയതന്ത്രജ്ഞര്‍ക്കുമുള്ള നിയന്ത്രിത പ്രവേശനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ രണ്ട് പുതിയ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ നഗരമായ ധഹ്‌റാനിലെ അരാംകോ ഉടമസ്ഥതയിലുള്ള താമസ സമുച്ചയത്തിനുള്ളിലൊരു സ്‌റ്റോറും ജിദ്ദയില്‍ നയതന്ത്രജ്ഞര്‍ക്കായി പ്രത്യേക ഔട്ട്‌ലെറ്റും 2026ഓടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധഹ്‌റാന്‍ ഔട്ട്‌ലെറ്റ് അരാംകോയിലെ മുസ്ലിം അല്ലാത്ത ജീവനക്കാര്‍ക്ക് മാത്രമായി പ്രവേശനം നല്‍കുമെന്നും ജിദ്ദയിലെ കേന്ദ്രം വിദേശ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്ന നഗരത്തിലെ മുസ്ലിം അല്ലാത്ത നയതന്ത്രജ്ഞര്‍ക്കായിരിക്കുമെന്നും ഉറവിടങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന ഔദ്യോഗിക സമയം സ്ഥിരീകരിച്ചിട്ടില്ല; വിഷയത്തില്‍ സൗദി അധികൃതരും അരാംകോയും പ്രതികരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

73 വര്‍ഷത്തെ നിരോധനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം റിയാദില്‍ മുസ്ലിം അല്ലാത്ത നയതന്ത്രജ്ഞര്‍ക്കായി തുറന്ന,  രാജ്യത്തെ ആധുനിക കാലഘട്ടത്തിലെ ആദ്യ മദ്യവില്‍പ്പന കേന്ദ്രത്തിനു പിന്നാലെയാണ് പുതിയ നീക്കം. 'ബൂസ് ബങ്കര്‍' എന്ന പേരില്‍ അറിയപ്പെട്ട ആ ഔട്ട്‌ലെറ്റിലേക്കുള്ള പ്രവേശനം അടുത്തകാലത്ത് പ്രീമിയം റെസിഡന്‍സി കൈവശമുള്ള മുസ്ലിം അല്ലാത്തവരിലേക്കും വ്യാപിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംരംഭകരും വലിയ നിക്ഷേപകരും പ്രത്യേക കഴിവുകളുള്ള തൊഴിലാളികളും ഉള്‍പ്പെടുന്ന ഈ വിഭാഗം റിയാദ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിയാദ് സ്‌റ്റോര്‍ ആരംഭിക്കുന്നതിന് മുന്‍പ് രാജ്യത്ത് മദ്യം പ്രധാനമായും നയതന്ത്ര ബാഗുകള്‍, കരിഞ്ചന്ത അല്ലെങ്കില്‍ വീടുകളില്‍ രഹസ്യമായി വാറ്റിയെടുക്കല്‍ വഴി മാത്രമായിരുന്നു ലഭ്യമാകുന്നത്.

വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തെ താമസവും തൊഴിലും കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള സാമൂഹിക പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രിത ഇളവുകളെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്‌ലാമിന്റെ ജന്മഭൂമിയുമായും വിശുദ്ധ കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട സാംസ്‌കാരിക തുല്യത നിലനിര്‍ത്തിക്കൊണ്ടാണ് നീക്കങ്ങള്‍-മദ്യം ഭൂരിപക്ഷം വരുന്ന തദ്ദേശീയ മുസ്ലിം താമസക്കാര്‍ക്കായി ഇപ്പോഴും പൂര്‍ണ്ണമായും നിരോധിതം തന്നെ. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് അനുമതി, പൊതുവിനോദങ്ങള്‍, ലിംഗവേര്‍തിരിവ് ഇളവുകള്‍ എന്നിവയ്‌ക്കൊപ്പം മതപോലീസിന്റെ അധികാരവെട്ടിക്കുറവും കഴിഞ്ഞ വര്‍ഷങ്ങളിലെ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു.

ടൂറിസം മേഖല വിപുലപ്പെടുത്താനുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് മദ്യം അനുവദിക്കുമെന്ന അഭ്യൂഹങ്ങള്‍ അധികൃതര്‍ ഇതുവരെ നിഷേധിച്ചിട്ടുണ്ട്. റെഡ് സീ ഗ്ലോബല്‍ പദ്ധതിയില്‍ അടുത്ത മെയ്‌യില്‍ 17 ഹോട്ടലുകള്‍ തുറക്കാനിരിക്കുമ്പോഴും അവ മദ്യരഹിതങ്ങളായിരിക്കും. 2034 ഫുട്‌ബോള്‍ ലോകകപ്പ് ആതിഥേയത്വത്തിനൊരുങ്ങുന്ന പശ്ചാത്തലത്തില്‍, സമൂഹത്തില്‍വരുത്തുന്ന മാറ്റങ്ങളുടെ വേഗതയെക്കുറിച്ചുള്ള വിവാദങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ നീക്കങ്ങള്‍, എന്നാല്‍, മുസ്ലിം അല്ലാത്ത വിദേശികള്‍ക്ക് വേണ്ടി കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമുള്ള നാമമാത്ര ലഭ്യത എന്ന നിലയിലാണ് ഉള്ളത്.