വാഷിംഗ്ടണ്‍: അഴിമതിയും ഗൂഢാലോചനയും സംബന്ധിച്ച ഫെഡറല്‍ കേസുകളില്‍ പെട്ട ടെക്‌സസിലെ ഡെമോക്രാറ്റ് എംപി ഹെന്റി ക്യുവെല്ലറിനും ഭാര്യ ഇമെല്‍ഡ ക്യുവെല്ലറിനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാപ്പ് അനുവദിച്ചു. ബൈഡന്‍ ഭരണകാലത്ത് നീതിന്യായ വ്യവസ്ഥയെ 'ആയുധമാക്കിയാണ് കേസുകള്‍ എടുത്തിരുന്നതെന്ന ആരോപണവും ട്രംപ് ഉന്നയിച്ചു. കുടിയേറ്റ നയങ്ങളില്‍ ബൈഡന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാലാണ് ക്യുവെല്ലറും ഭാര്യയും നിയമനടപടികള്‍ക്ക് ഇരയായതെന്ന് തെളിവുകള്‍ ഒന്നും ഹാജരാക്കാതെ ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
അസര്‍ബൈജാന്‍ നിയന്ത്രിക്കുന്ന ഒരു എനര്‍ജി കമ്പനിയുടെയും മെക്‌സിക്കോയിലെ ഒരു ബാങ്കിന്റെയും താല്‍പര്യം സംരക്ഷിക്കാന്‍ ആയിരക്കണക്കിന് ഡോളര്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു ക്യുവെല്ലറിനുമേല്‍ ചുമത്തിയ കുറ്റം. അസര്‍ബൈജാന് അനുകൂലമായ നിയമനിര്‍മാണത്തെ സ്വാധീനിക്കാനും ഹൗസില്‍ പ്രസംഗം നടത്താനും എംപി സമ്മതിച്ചുവെന്നായിരുന്നു കേസ്. കുറ്റം നിഷേധിച്ച ക്യുവെല്ലര്‍ ദമ്പതികളുടെ വിചാരണ അടുത്ത ഏപ്രിലില്‍ തുടങ്ങാനിരിക്കെയാണ് മാപ്പ്.
'ഹെന്റി, നമ്മള്‍ തമ്മില്‍ പരിചയമില്ല. എങ്കിലും ഇന്ന് രാത്രി നിങ്ങള്‍ക്ക് മനസമാധാനത്തോടെ ഉറങ്ങാം; നിങ്ങളുടെ ദു:സ്വപ്നം തീര്‍ന്നു' എന്നായിരുന്നു മാപ്പ് പ്രഖ്യാപിച്ചുള്ള ട്രംപിന്റെ കുറിപ്പ്. തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ മാധ്യമങ്ങളെ കണ്ട ക്യുവെല്ലര്‍ ട്രംപിനോട് നന്ദി പറഞ്ഞു. 'വസ്തുതകള്‍ വ്യക്തമാണ്. ദുഷ്‌കരമായ ഈ സമയത്ത് എന്റെ കുടുംബത്തോടൊപ്പം നിലകൊണ്ട ദൈവത്തോട് നന്ദി. ഇനി പഴയതുപോലെ ജോലി തുടരും. ഒന്നും മാറിയിട്ടില്ല' എന്നും പാര്‍ട്ടി മാറുമോയെന്ന ചോദ്യത്തിന് 'ഇല്ല' എന്നും അദ്ദേഹം പ്രതികരിച്ചു.
ക്യുവെല്ലറിന്റെ മക്കളായ ക്രിസ്റ്റിനയും കാതറിനും കഴിഞ്ഞ നവംബര്‍ 12ന് മാതാപിതാക്കള്‍ക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ട്രംപിന് കത്തയച്ചിരുന്നു. സ്വന്തം കുടുംബം നേരിട്ട വെല്ലുവിളികളോട് സാമ്യം കണ്ടെത്തിയാണ് അവര്‍ അപേക്ഷ നല്‍കിയതെന്ന് കത്തില്‍ പറഞ്ഞിരുന്നു. ക്യുവെല്ലറിന്റെ അഭിഭാഷകന്‍ എറിക് റീഡ്, കേസ് തള്ളാന്‍ നേരത്തെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് ശക്തമായ വാദങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെന്ന് അറിയിച്ചു; രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയില്ലെന്നും പറഞ്ഞു. ഇമെല്‍ഡ ക്യുവെല്ലറിന്റെ അഭിഭാഷകര്‍ മാപ്പിനെ സ്വാഗതം ചെയ്തു.
അതേസമയം, ക്യുവെല്ലറിനെതിരെ ഹൗസ് എതിക്‌സ് കമ്മിറ്റി അന്വേഷണം തുടരുകയാണ്. 2024 മേയില്‍ തുടങ്ങിയ അന്വേഷണം ജൂലൈയില്‍ പുതുക്കിയിരുന്നു. ഇരട്ട അന്വേഷണം ഉണ്ടാക്കുന്ന അപകടങ്ങള്‍ കുറയ്ക്കാനും സഭയുടെ അച്ചടക്കം സംരക്ഷിക്കാനുമാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ഏകോപനം നടത്തുന്നതെന്ന് കമ്മിറ്റിയ അറിയിച്ചു.
ഇരുപതിലധികം വര്‍ഷമായി കോണ്‍ഗ്രസിലിരിക്കുന്ന ക്യുവെല്ലര്‍, ടെക്‌സസ്-മെക്‌സിക്കോ അതിര്‍ത്തി മേഖലയെ പ്രതിനിധീകരിക്കുന്ന മിതവാദി ഡെമോക്രാറ്റാണ്. കുടിയേറ്റവും തോക്കുനിയന്ത്രണവും അബോര്‍ഷനും ഉള്‍പ്പെടെ പല വിഷയങ്ങളിലും പാര്‍ട്ടി നിലപാടുകളില്‍ നിന്ന് മാറിനില്‍ക്കുന്ന അദ്ദേഹം, ബൈഡന്‍ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളുടെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്നു.
ഇതിനുമുമ്പും ട്രംപ് പാര്‍ട്ടി ഭേദമന്യേ മാപ്പ് നല്‍കിയിട്ടുണ്ട്. ഇലിനോയിയിലെ മുന്‍ ഗവര്‍ണര്‍ റോഡ് ബ്ലാഗോയെവിചിനും ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് നേരിട്ട കേസുകളിലും ബൈഡന്‍ ഭരണത്തിനെതിരായ വിമര്‍ശനമാണ് ട്രംപ് ചൂണ്ടിക്കാട്ടിയത്. ജനുവരി 6 ലെ കാപിറ്റല്‍ ആക്രമണവുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെടെ നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കും അദ്ദേഹം ഈ വര്‍ഷം മാപ്പ് അനുവദിച്ചിട്ടുണ്ട്.
ഡെമോക്രാറ്റ് എംപി ക്യുവെല്ലറിന് ട്രംപിന്റെ മാപ്പ്; നീതിന്യായ വ്യവസ്ഥ ആയുധമാക്കിയെന്ന ആരോപണവുമായി പ്രസിഡന്റിന്റെ ഇടപെടല്‍
