ഐഎംഎഫ് 'സി' റേറ്റിങ്; സമ്പദ്‌വ്യവസ്ഥ വിലയിരുത്തലില്‍ കേന്ദ്രത്തിന് തിരിച്ചടിയെന്ന് പ്രതിപക്ഷം, വിശദീകരണവുമായി ധനമന്ത്രി

ഐഎംഎഫ് 'സി' റേറ്റിങ്; സമ്പദ്‌വ്യവസ്ഥ വിലയിരുത്തലില്‍ കേന്ദ്രത്തിന് തിരിച്ചടിയെന്ന് പ്രതിപക്ഷം, വിശദീകരണവുമായി ധനമന്ത്രി


ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്ക് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) തിരിച്ചടി നല്‍കിയതായി പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ത്യയുടെ ദേശീയ അക്കൗണ്ട്‌സ് ഡേറ്റയ്ക്ക് ഐഎംഎഫ് 'സി' റേറ്റിങ് നല്‍കിയതാണ് വിവാദമായത്. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഇന്ത്യാ കണ്‍ട്രി റിപ്പോര്‍ട്ടിലാണ് ജിഡിപി, ഉപഭോഗം, വരുമാന കണക്കുകള്‍ ഉള്‍പ്പെടുന്ന ദേശീയ അക്കൗണ്ട്‌സ് സ്ഥിതിവിവരക്കണക്കുകള്‍ക്ക് 'സി' റേറ്റിങ് നല്‍കിയിരിക്കുന്നത്. ഡേറ്റ ശേഖരണത്തിലും കണക്കുകൂട്ടല്‍ രീതിയിലും ചില രീതിശാസ്ത്രീയ ദൗര്‍ബല്യങ്ങള്‍ ഉണ്ടെന്നും ഇത് മേല്‍നോട്ടത്തെ കുറച്ചെങ്കിലും ബാധിക്കുന്നുവെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഐഎംഎഫിന്റെ വിലയിരുത്തല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചു. ദേശീയ അക്കൗണ്ട്‌സ് ഡേറ്റയ്ക്ക് കുറഞ്ഞ റേറ്റിങ് ലഭിക്കാനിടയായത് നിലവില്‍ ഉപയോഗിക്കുന്ന അടിസ്ഥാന വര്‍ഷം (Base Year) പഴക്കമുള്ളതുകൊണ്ടാണെന്നും കണക്കുകളുടെ ഗുണനിലവാരവുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. 2011-12 ആണ് ഇപ്പോഴുള്ള ബേസ് ഇയര്‍; ഇത് 2022-23ലേക്ക് പുതുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും 2026 ഫെബ്രുവരി 27ന് പുതിയ ബേസ് ഇയര്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

ഐഎംഎഫ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5 ശതമാനമാണെന്ന് കണക്കാക്കിയിട്ടുണ്ടെന്നും, പണപ്പെരുപ്പ് നിയന്ത്രണത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികളെ അവര്‍ പ്രശംസിച്ചിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വളര്‍ച്ചാ കണക്കുകളെ ഐഎംഎഫ് ചോദ്യം ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പണപ്പെരുപ്പം, സര്‍ക്കാര്‍ ധനകാര്യം, വിദേശമേഖലാ കണക്കുകള്‍, നാണയ-സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍, മേഖലകളുടെ നിലവാരം എന്നിവ ഉള്‍പ്പെടെ ഭൂരിഭാഗം മേഖലകളിലും ഇന്ത്യക്ക് 'ബി' റേറ്റിങ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും 'സി' റേറ്റിങ് രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സമ്പദ്‌വ്യവസ്ഥാ അവകാശവാദങ്ങളെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.