മിയാമിയുടെ ട്രാഫിക് ദുരിതത്തിന് 200 ഡോളര്‍ പരിഹാരവുമായി സ്റ്റീഫന്‍ റോസ്; ഫ്‌ളൈയിങ് ടാക്‌സികള്‍ അടുത്ത വര്‍ഷം തന്നെ

മിയാമിയുടെ ട്രാഫിക് ദുരിതത്തിന് 200 ഡോളര്‍ പരിഹാരവുമായി സ്റ്റീഫന്‍ റോസ്; ഫ്‌ളൈയിങ് ടാക്‌സികള്‍ അടുത്ത വര്‍ഷം തന്നെ


മിയാമി: മിയാമി-വെസ്റ്റ് പാം ബീച്ച് മേഖലയില്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് പുതിയ പരിഹാരവുമായി ബില്ലിയനെയര്‍ റിയല്‍ എസ്‌റ്റേറ്റ് വ്യവസായി സ്റ്റീഫന്‍ റോസ് രംഗത്ത്. 'ഫ്‌ളൈയിങ്  ടാക്‌സി' എന്ന ആശയത്തിലൂടെ മണിക്കൂറുകള്‍ നീളുന്ന യാത്ര അരമണിക്കൂറില്‍ എത്തിക്കാനാണ് റോസിന്റെ ശ്രമം. ഇതിനായി ഇലക്ട്രിക് എയര്‍ ടാക്‌സി നിര്‍മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷനുമായി സഹകരിച്ച് സൗത്ത് ഫ്‌ളോറിഡയിലുടനീളം 'വെര്‍ട്ടിപോര്‍ട്ട്' ശൃംഖല സ്ഥാപിക്കാനാണ് തീരുമാനം. ഇലക്ട്രിക് വാഹന ചാര്‍ജിങ് സൗകര്യമുള്ള ഈ ലോഞ്ച്പാഡുകളില്‍ നിന്ന് മിയാമിയും വെസ്റ്റ് പാം ബീച്ചും തമ്മില്‍ ആകാശ യാത്ര സാധ്യമാകും.

മിയാമിയില്‍ നിന്ന് റോസിന്റെ വെസ്റ്റ് പാം ബീച്ചിലെ ഓഫീസ് -റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളിലേക്കുള്ള ഒരുവശത്തെ യാത്രയ്ക്ക് ഏകദേശം 200 ഡോളര്‍ ചെലവാകും; സമയം വെറും 30 മിനിറ്റ്. ഹോബ് സൗണ്ടിലെ റോസിന്റെ സ്വകാര്യ ഗോള്‍ഫ്  കോഴ്‌സ്, മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം, മിയാമി, ഫോര്‍ട്ട് ലോഡര്‍ഡെയില്‍, പാം ബീച്ച് വിമാനത്താവളങ്ങള്‍ എന്നിവയുമായാണ് ആദ്യഘട്ടത്തില്‍ ബന്ധിപ്പിക്കുന്നത്. അടുത്ത വര്‍ഷംതന്നെ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി.

ജനസംഖ്യാ വളര്‍ച്ച വേഗത്തില്‍ നടക്കുന്ന സൗത്ത് ഫ്‌ളോറിഡ പോലുള്ള മേഖലകള്‍ക്ക് ഇത്തരമൊരു സംവിധാനം ഏറ്റവും അനുയോജ്യമാണെന്ന് ആര്‍ച്ചര്‍ ഏവിയേഷന്റെ സിഇഒ ആഡം ഗോള്‍ഡ്സ്റ്റീന്‍ പറഞ്ഞു. നിലവില്‍ സാന്‍ ഹോസെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അബുദാബിയിലും സമാന ശൃംഖലകള്‍ വികസിപ്പിക്കുന്നത്; ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് നഗരങ്ങളും ലക്ഷ്യപട്ടികയിലുണ്ട്.

ആദ്യഘട്ടത്തില്‍ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകള്‍ക്കും സമ്പന്നര്‍ക്കുമാണ് സേവനം ലക്ഷ്യമിടുന്നത്. എന്നാല്‍ നിലവിലെ ഉബര്‍ ബ്ലാക്ക് കാര്‍ യാത്ര (230 ഡോളര്‍, രണ്ടു മണിക്കൂര്‍ വരെ)യുമായി താരതമ്യം ചെയ്താല്‍ ചെലവ് മത്സരം നില്‍ക്കുന്നതാണെന്നും, ഉപയോഗം വര്‍ധിക്കുന്നതോടെ നിരക്ക് കുറച്ച് പൊതുജനങ്ങള്‍ക്കും കൈവശമാക്കുകയാണ് ലക്ഷ്യമെന്നും ഗോള്‍ഡ്സ്റ്റീന്‍ വിശദീകരിച്ചു. നാലു യാത്രക്കാരെയും ഒരു പൈലറ്റിനെയും കയറ്റാവുന്ന eVTOL വിമാനങ്ങള്‍ ഹെലിക്കോപ്റ്ററിനേക്കാള്‍ ശബ്ദക്കുറവുള്ളതും സുരക്ഷിതവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. 20-50 മൈല്‍ ദൂരം ലക്ഷ്യമിട്ട 'മിഡ്‌നൈറ്റ്' മോഡല്‍ ഇതിനകം 55 മൈല്‍ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ദൂരയാത്രകളും സൗത്ത് ഫ്‌ളോറിഡയിലെ പ്രളയമഴയും ശക്തമായ കാറ്റും തുടക്കഘട്ടത്തില്‍ വെല്ലുവിളിയായിരിക്കുമെന്നാണ് വിലയിരുത്തല്‍.