വാഷിംഗ്ടണ്‍: കാറുകള്‍ക്കായി വീണ്ടും പെട്രോളിനേയും ഡീസലിനേയും പ്രധാന ഇന്ധനമായി അവതരിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബൈഡന്‍ ഭരണകൂടത്തിന്റെ കാലാവസ്ഥാ നയങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി.
വൈറ്റ് ഹൗസില്‍ പ്രമുഖ വാഹന നിര്‍മാതാക്കളുടെ സിഇഒമാരെ ഒപ്പം നിര്‍ത്തി സംസാരിച്ച ട്രംപ്, പുതിയ കാറുകളിലും ലൈറ്റ് ട്രക്കുകളിലും ഇന്ധനക്ഷമത നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ ഗണ്യമായി ഇളവു ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് രാജ്യത്തെ മാറ്റാന്‍ ലക്ഷ്യമിട്ടിരുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്ന് അപ്രസക്തമാകുന്നു. പുതിയ തീരുമാനങ്ങള്‍ മൂലം അടുത്ത അഞ്ച് വര്‍ഷത്തിനിടെ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് 109 ബില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാകുമെന്നും, ശരാശരി പുതിയ കാറിന്റെ വിലയില്‍ ഏകദേശം ആയിരം ഡോളര്‍ കുറയുമെന്നും ഭരണകൂടം അവകാശപ്പെട്ടു.
ഇന്ധനക്ഷമതാ മാനദണ്ഡങ്ങള്‍, ചെലവേറിയ സാങ്കേതികവിദ്യകള്‍ നിര്‍ബന്ധമാക്കി കാറുകളുടെ വില ഉയര്‍ത്തുകയും ഗുണമേന്മ കുറയ്ക്കുകയും ചെയ്തുവെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. 'ഗ്രീന്‍ ന്യൂ സ്‌കാം' എന്ന് വിശേഷിപ്പിച്ച ട്രംപ്, 'മനസ്സിലാക്കാനാകാത്ത വിലയ്ക്ക് ആളുകള്‍ക്ക് ശരിയായതല്ലാത്ത കാറുകളാണ് വാങ്ങേണ്ടിവന്നത് ' എന്നും പറഞ്ഞു. ഈ നീക്കം വാഹന വ്യവസായത്തെ വീണ്ടും അനിശ്ചിതത്വത്തിലാക്കുമെന്നും കാലാവസ്ഥാ പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഇലക്ട്രിക് കാറുകള്‍ക്ക് ബ്രേക്ക്; പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ക്ക് ട്രംപിന്റെ പച്ചക്കൊടി
