ന്യൂഡല്‍ഹി: ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗര്‍ഭിണിയെയും എട്ടു വയസുള്ള മകനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് സുപ്രിം കോടതിയുടെ ഉത്തരവ്. ഗര്‍ഭിണിയായ സുനാലി ഖാത്തുനിനെയാണ് തിരിച്ചെത്തിക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടത്. നാടു കടത്തി മാസങ്ങള്‍ക്കുള്ളിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുള്‍പ്പെടുന്ന ബെഞ്ചിന്റെ വിധി.
പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് ഗര്‍ഭിണിയെയും കുഞ്ഞിനെയും പരിരക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേണ്ട ചികിത്സ സൗജന്യമായി ഉറപ്പാക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫിസറോടും നിര്‍ദേശിച്ചു. പൂര്‍ണമായും മാനുഷികത മാത്രം കണക്കിലെടുത്താണ് വിധി.
ഡല്‍ഹിയില്‍ വര്‍ഷങ്ങളോളമായി ദിവസക്കൂലിക്ക് ജോലി ചെയ്തു ജീവിച്ചിരുന്നവരാണ് യുവതിയുടെ കുടുംബം. ജൂണ്‍ 18നാണ് അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് പിടികൂടിയത്.
27ന് അതിര്‍ത്തി വഴി നാടുകടത്തി. ഇവരെല്ലാം ഇപ്പോള്‍ ബംഗ്ലാദേശ് പൊലീസിന്റെ കസ്റ്റഡിയിലാണ്. അനധികൃത കുടിയേറ്റക്കാര്‍ എന്ന പേരില്‍ ഇവരെ നാടുകടത്തുന്നതിനുള്ള കേന്ദ്ര ഉത്തരവ് കല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാടു കടത്തിയ ആറു പേരെയും തിരിച്ചെത്തിക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരേ കേന്ദ്രം നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വാദം കേട്ടത്.
