ഇന്ത്യന്‍ വംശജരായ അമ്മയേയും കുട്ടിയേയും കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ കണ്ടെത്താന്‍ പാരിതോഷികം പ്രഖ്യാപിച്ചു

ഇന്ത്യന്‍ വംശജരായ അമ്മയേയും കുട്ടിയേയും കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ കണ്ടെത്താന്‍ പാരിതോഷികം പ്രഖ്യാപിച്ചു


ന്യൂജേഴ്സി: ഇന്ത്യന്‍ വംശജയായ യുവതിയേയും ആറുവയസുകാരനായ മകനേയും കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ പ്രതിയെ കുറിച്ച് വിവരം നല്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്  എഫ് ബി ഐ. ന്യൂജെഴ്‌സിയില്‍ മേപ്പിള്‍ ഷേഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ശശികല നര (38)യേയും മകന്‍ അനീഷ് നര(6)യെയും കൊലപ്പെടുത്തിയ കേസില്‍ നസീര്‍ ഹമീദ് (38)നെയാണ് എഫ് ബി ഐ തെരയുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 ഡോളറാണ് പാരിതോഷികം ലഭിക്കുക. 2017ലാണ് അമ്മയും മകനും യു എസില്‍ കൊല്ലപ്പെട്ടത്.

അന്വേഷണങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹമീദിനെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങള്‍ ഉള്‍പ്പടെയുള്ളവ ചുമത്തിയിരുന്നു. കൊലപാതകങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പ്രതി രക്ഷപ്പെട്ടതായാണ് യു എസ് അധികൃതര്‍ അറിയിച്ചത്. പ്രതിയെ പിടികൂടുന്നതിന് ഇന്ത്യയുടെ സഹായവും യു എസ് അന്വേഷണ സംഘം തേടി. ഹമീദിനെ കുറിച്ചുള്ള വിവരങ്ങള്‍ എഫ് ബി ഐയുടെ മോസ്റ്റ് വാണ്ടഡ് വെബ്‌സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഹമീദിനെ കൈമാറുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ സഹായം അഭ്യര്‍ഥിച്ച് കഴിഞ്ഞ ആഴ്ച യു എസിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനയ് ക്വാട്രയ്ക്ക് കത്തയച്ചതായി ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. 2017 മാര്‍ച്ച് 23ന് വൈകുന്നേരം ശശികലയുടെയും മകന്റേയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ ഒന്നിലധികം മുറിവുകളുണ്ടായിരുന്നു.