കാലിഫോര്‍ണിയ: സിമി വാലിയില്‍ പ്രശസ്ത റേഡിയോളജിസ്റ്റ് ഡോ. എറിക് കോര്‍ഡസിനെയും ഭാര്യ വിക്കിയെയും വീട്ടുവളപ്പില്‍ വെടിവച്ചുകൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കുന്നു. ഞായറാഴ്ച വൈകുന്നേരം തുറന്ന ഗാരേജില്‍ നിരവധി തവണ വെടിയേറ്റനിലയില്‍ കണ്ടെത്തിയ ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സിമി വാലി പൊലീസ് അറിയിച്ചു.
സംഭവം ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നും ഇതൊന്നും യാദൃശ്ചികമല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. സമൂഹത്തിന് തല്‍ക്ഷണ ഭീഷണിയില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളെക്കുറിച്ചോ ആക്രമണത്തിന്റെ പ്രേരണക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
മൂന്നു ദശകത്തിലധികമായി സിമി വാലിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോ. കോര്‍ഡസ് ഫോക്കസ് മെഡിക്കല്‍ ഇമേജിംഗ് കേന്ദ്രത്തിലെ പ്രധാന വിദഗ്ധരിലൊരാളായിരുന്നു. 'അസാമാന്യ പ്രതിഭയും പരിശ്രമശാലിയുമായ ഡോക്ടറായിരുന്നുവെന്നും അദ്ദേഹത്തിന്റെ നഷ്ടം നിറയ്ക്കാനാവാത്ത ഒരു ശൂന്യത ഉണ്ടാക്കുമെന്നും ക്ലിനിക് പ്രസ്താവനയില്‍ പറഞ്ഞു.
അഡ്വെന്റിസ്റ്റ് ഹെല്‍ത്ത് സിമി വാലി ആശുപത്രിയും ഡോക്ടറുടെ മരണത്തെ 'ആഘാതകരമായ നഷ്ടം' എന്ന് പ്രതികരിച്ചു. 'ഏകദേശം 30 വര്‍ഷമായി ഈ സമൂഹത്തിന് കരുണയും കൃത്യതയും നിറഞ്ഞ സേവനം ഡോക്ടര്‍ കോര്‍ഡസ് നല്‍കി. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മരണം ഞങ്ങളെ വളരെ ദുഖിതരാക്കുന്നു,' എന്ന് ആശുപത്രി അറിയിച്ചു.
കൊലപാതകങ്ങളുടെ നിഗൂഢത നീങ്ങാത്ത സാഹചര്യത്തില്‍ സിമി വാലി പൊലീസ് വ്യാപകമായ അന്വേഷണം തുടരുകയാണ്.
സിമി വാലിയില്‍ ദമ്പതികളെ വീട്ടുവളപ്പില്‍ വെടിവെച്ച് കൊലപ്പെടുത്തി; ലക്ഷ്യമിട്ട ആക്രമണം എന്ന് പൊലീസ്
