ട്രംപ് ഭരണകൂടത്തിന് തലവേദന: കരീബിയന്‍ ബോട്ട് ആക്രമണ വിവാദം രൂക്ഷമാകുന്നു

ട്രംപ് ഭരണകൂടത്തിന് തലവേദന: കരീബിയന്‍ ബോട്ട് ആക്രമണ വിവാദം രൂക്ഷമാകുന്നു


വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ വീണ്ടും കനക്കുകയാണ്. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തോടനുബന്ധിച്ച് അമേരിക്കന്‍ കുട്ടികള്‍ക്കായി 'ട്രംപ് അക്കൗണ്ടുകള്‍' പ്രഖ്യാപിച്ചപ്പോള്‍, മറുവശത്ത് കരീബിയന്‍ സമുദ്രത്തില്‍ നടന്ന യുഎസ് സൈനിക ബോട്ട് ആക്രമണം വീണ്ടും ദേശീയതലത്തില്‍ ചര്‍ച്ചയായി.

ഒക്ലാഹോമയും ആര്‍ക്കന്‍സാസും ചേര്‍ന്ന് 260 നാഷണല്‍ ഗാര്‍ഡ്‌സ്മാന്മാരെ വാഷിങ്ടണിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. വെടിവെപ്പില്‍ രണ്ട് ഗാര്‍ഡ്മാന്‍ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 500 പേര്‍ കൂടി എത്തിക്കുമെന്ന് പറഞ്ഞത്. ഇതിനകം എട്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി ഡി.സിയില്‍ 2,200 ഗാര്‍ഡ്മാന്‍മാര്‍ തയാറായി നില്‍ക്കുകയാണ്. ഇവരൊക്കെ ഇപ്പോള്‍ ആയുധസജ്ജരാണെന്ന് പെന്റഗണ്‍ വക്താവ് കിങ്സ്ലി വില്‍സണ്‍ അറിയിച്ചു.

ഇതിനിടെ, സെപ്റ്റംബര്‍ 15നുണ്ടായ യുഎസ് സൈനിക ബോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊളോംബിയന്‍ മത്സ്യതൊഴിലാളി അലഹാന്ദ്രോ കരാന്‍സയുടെ കുടുംബം അമേരിക്കക്കെതിരെ അന്തര്‍ അമേരിക്കന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിനല്‍കി. ലക്ഷ്യമിട്ട വ്യക്തികളെ തിരിച്ചറിയാതെ തന്നെ ആക്രമണത്തിന് ഉത്തരവിട്ടതായാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ ആക്രമണങ്ങള്‍ നിയമാനുസൃതമാണെന്നും ബോട്ടുകളില്‍ മയക്കുമരുന്ന് കടത്തിന്റെ തെളിവുണ്ടെന്നുമാണ് പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്ത് ആവര്‍ത്തിക്കുന്നത്.

ആദ്യാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ വീണ്ടും ലക്ഷ്യമിട്ടെന്നാരോപണമുയര്‍ന്ന രണ്ടാം ബോട്ട് ആക്രമണത്തെക്കുറിച്ച് സെനറ്റര്‍ റാന്‍ഡ് പോള്‍ തുറന്നടിച്ചു. 'കില്‍ ദെം ഓള്‍' (എല്ലാവരെയും കൊലപ്പെടുത്തുക) എന്ന ഉത്തരവുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച്  തനിക്ക് ഗൗരവമായ ആശങ്കകളുണ്ടെന്ന് പോള്‍ പറഞ്ഞു. എന്നാല്‍ ഈ വാചകം ഹെഗ്‌സെത്ത് ഉപയോഗിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

മിക്ക റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളുമായി വിഷയത്തോട് പ്രതികരിച്ചെങ്കിലും അവരെല്ലാം കരീബിയന്‍ ദൗത്യത്തെ പിന്തുണച്ചു. സെനറ്റര്‍ എറിക് ഷ്മിറ്റ് 'നാര്‍ക്കോ ടെററിസ്റ്റ് ബോട്ടുകളെയും അതിലുള്ളവരെയും ഇല്ലാതാക്കാനുള്ള നടപടികള്‍ 100% നിയമപരമാണെന്ന്' പ്രസ്താവിച്ചു.

കരീബിയന്‍ സമുദ്രത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തുടരുന്നതിനാല്‍ ട്രംപ് ഭരണകൂടത്തിന് മുന്നിലെ ദിനങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാവും.