നഴ്‌സിംഗ് 'പ്രൊഫഷണല്‍ ഡിഗ്രി'യല്ലെന്ന് ട്രംപ് ഭരണകൂടം; ആരോഗ്യരംഗത്തെ ആശങ്കയിലാഴ്ത്തി പുതിയ ലോണ്‍ പരിധികള്‍

നഴ്‌സിംഗ് 'പ്രൊഫഷണല്‍ ഡിഗ്രി'യല്ലെന്ന് ട്രംപ് ഭരണകൂടം; ആരോഗ്യരംഗത്തെ ആശങ്കയിലാഴ്ത്തി പുതിയ ലോണ്‍ പരിധികള്‍


വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ വായ്പകളില്‍ വന്‍മാറ്റങ്ങള്‍ പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം നഴ്‌സിംഗ് ബിരുദങ്ങളെ 'പ്രൊഫഷണല്‍ ഡിഗ്രി'കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ആരോഗ്യരംഗം കടുത്ത ആശങ്കയില്‍. നഴ്‌സിംഗിലെ മാസ്‌റ്റേഴ്‌സ്, ഡോക്ടറല്‍ കോഴ്‌സുകള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശയക്കുഴപ്പത്തിലാക്കി കൊണ്ടാണ് പുതുക്കിയ നിയമങ്ങള്‍ വന്നിട്ടുള്ളത്.

ഇതുവരെ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പഠനച്ചെലവിന്റെ മുഴുവന്‍ തുകയും ഫെഡറല്‍ വായ്പകളിലൂടെ നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ 2026 ജൂലൈ മുതല്‍, പ്രൊഫഷണല്‍ ഡിഗ്രിയാണോ എന്നതിനെ അടിസ്ഥാനമാക്കി വായ്പാ പരിധി നിശ്ചയിക്കുമെന്ന് യു.എസ്. വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുകയാണ്.

സാധാരണ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 20,500 ഡോളറും ആജീവനാന്ത പരിധിയായി 100,000 ഡോളറും; പ്രൊഫഷണല്‍ ഡിഗ്രിയുള്ളവര്‍ക്ക് 50,000 ഡോളര്‍ വരെയും മൊത്തത്തില്‍ 200,000 ഡോളര്‍ വരെയും വായ്പയായി ലഭിക്കാറുണ്ട്. ഡെന്റിസ്റ്റ്രി, വെറ്ററിനറി, ഫാര്‍മസി, നിയമം, മെഡിസിന്‍ എന്നിവയാണ് പട്ടികയിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍. നഴ്‌സിംഗ് ഉള്‍പ്പെടാത്തത് ആരോഗ്യപഠന കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

'ആവശ്യമായ ഉയര്‍ന്ന പഠനത്തിനുള്ള പണം നേടാനുള്ള വഴി ചുരുങ്ങുകയാണ്,' എന്ന് അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രതികരിച്ചു. വാര്‍ഷിക ശരാശരി ചിലവ് 30,000 ഡോളറിലധികമാകുന്ന നഴ്‌സിംഗ് ഗ്രാജുവേറ്റ് പഠനം വായ്പാ പരിധികളാല്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

ഒഹായോയിലുള്ള നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി നൈമ ബ്രാന്‍ഡി ആശങ്ക മറച്ചുവെച്ചില്ല. 'നഴ്‌സ് പ്രാക്ടീഷണറായി ഉയരാനുള്ള എന്റെ സ്വപ്‌നം ഉപേക്ഷിക്കാനാവില്ലെ- പക്ഷേ ഇത് കാര്യങ്ങള്‍ കഠിനമാക്കും' അവള്‍ പറയുന്നു.പുതിയ പരിധികള്‍ തനിക്കു ബാധകമാകുമെന്നും, വര്‍ഷങ്ങളായി 70 മണിക്കൂര്‍ വീതം ജോലി ചെയ്ത് മുന്നൊരുക്കം നടത്തിയതായും  യുട്യൂബില്‍ 'നഴ്‌സ് ബാസ്' എന്ന പേരില്‍ പഠനയാത്ര പങ്കുവെച്ചുവരുന്ന ബ്രാഡ് ബാസും പറയുന്നു.

വായ്പാ പരിധി സര്‍വകലാശാലകളെ ഫീസ് കുറയ്ക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി നിക്കോളാസ് കെന്റ് പറയുന്നത്. എന്നാല്‍ പെന്‍സില്‍വേനിയ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിന്റെ ഡീന്‍ ആന്റോണിയ വില്ലറുവല്‍ അതിനെ തള്ളി. 'ഈ പഠനം തന്നെ വിലയേറിയതാണ്‌സിമുലേഷന്‍ ലാബുകള്‍, അനുബന്ധ സംവിധാനങ്ങള്‍ എല്ലാം ചെലവേറിയതാണ്. നിലവാരം കുറയ്ക്കാതെ ചെലവുകുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്താനാണ് നമ്മളുടെ ശ്രമം എന്ന് അവള്‍ വ്യക്തമാക്കി.

നഴ്‌സ് പ്രാക്ടീഷണര്‍, നഴ്‌സ് മിഡ്വൈഫ്, നഴ്‌സ് അനസ്ഥറ്റിസ്റ്റ് എന്നിവയെപ്പോലുള്ള അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സുമാര്‍ക്ക് പുതിയ നിയമം ഏറ്റവും വലിയ തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭാവിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് രൂക്ഷമാകുമെന്ന് ഡ്യൂക്ക് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് ഡീന്‍ മൈക്കല്‍ റെല്‍ഫ് പറയുന്നു.

നിയമത്തെതിരായി 2 ലക്ഷം നഴ്‌സുമാരും രോഗികളുമാണ് ഇതിനകം ഒപ്പുവെച്ചതെന്ന് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാനാവശ്യമായ അവസരം നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പു നല്‍കുന്നുണ്ടെങ്കിലും, നഴ്‌സിംഗ് രംഗത്തെ അനിശ്ചിതത്വം തുടരുകയാണ്.