സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ 150 വിമാനങ്ങള്‍ റദ്ദാക്കി

സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ 150 വിമാനങ്ങള്‍ റദ്ദാക്കി


മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടു. രാജ്യവ്യാപകമായി 150 വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. തങ്ങളുടെ സേവനത്തിലുണ്ടായ പ്രതിസന്ധിയില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചു. വിമാനവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിനെ കുറിച്ച് ഡി ജി സി എ അന്വേഷണം തുടങ്ങി. 

ഇന്‍ഡിഗോയുടെ തകരാറിനെ തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ മറ്റ് നിരവധി വിമാനങ്ങളുടെയും സര്‍വീസുകളെ ബാധിച്ചു. സാങ്കേതിക തകരാറുകളും പ്രവര്‍ത്തന വെല്ലുവിളികളും ചേര്‍ന്നുള്ളതാണ് തടസ്സങ്ങള്‍ക്ക് കാരണമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.

ക്രൂവിന്റെ എണ്ണം കുറഞ്ഞതാണ് പ്രവര്‍ത്തന തകരാറുകള്‍ക്ക് പ്രധാനമായും കാരണമായതെന്നും വിമാന ഷെഡ്യൂളുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ 'ക്രമാനുസൃതമായ ഷെഡ്യൂള്‍ ക്രമീകരണങ്ങള്‍' നടത്തിയതായും ഉണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിച്ചതായും എയര്‍ലൈന്‍ അറിയിച്ചു.

വിമാന സര്‍വീസുകളുടെ താമസങ്ങളും റദ്ദാക്കലുകളും കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ ഇന്‍ഡിഗോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ഡി സി ജി എ സ്ഥിരീകരിച്ചു. നവംബറില്‍ മാത്രം ഇന്‍ഡിഗോ 1,232 വിമാനങ്ങള്‍ റദ്ദാക്കിയതായും അതില്‍ 755 എണ്ണം ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ നിയമങ്ങളുമായി ബന്ധപ്പെട്ടതുമാണെന്ന് ഡി ജി സി എ ചൂണ്ടിക്കാട്ടി. പൈലറ്റുകളും സംഘാംഗങ്ങളും അമിത ക്ഷീണം ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നിയന്ത്രണങ്ങള്‍ നിലവിലുള്ളത്.

ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് 67 വിമാനങ്ങള്‍, ബെംഗളൂരുവില്‍ നിന്ന് 42, ഹൈദരാബാദില്‍ നിന്ന് 19, മുംബൈയില്‍ നിന്ന് 32 വിമാനങ്ങള്‍ ഇന്‍ഡിഗോ റദ്ദാക്കി. നിരവധി യാത്രക്കാര്‍ക്ക് പല വിമാനത്താവളങ്ങളിലും താമസമനുഭവിക്കേണ്ടി വന്നു. അകാസ എയര്‍, എയര്‍ ഇന്ത്യ, സ്‌പൈസ്ജെറ്റ് തുടങ്ങിയ മറ്റ് എയര്‍ലൈനുകളും ചൊവ്വാഴ്ച രാത്രി ചെക്ക്-ഇന്‍ സിസ്റ്റത്തില്‍ ഉണ്ടായ താത്ക്കാലിക തടസ്സം മൂലം താമസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ ഉണ്ടായ തടസ്സങ്ങള്‍ക്ക് ചെറിയ സാങ്കേതിക തകരാറുകള്‍, ശൈത്യകാല ഷെഡ്യൂള്‍ ക്രമീകരണങ്ങള്‍, ദോഷകരമായ കാലാവസ്ഥ, വ്യോമയാന മേഖലയിലെ തിരക്ക് എന്നിവ ഉള്‍പ്പെടെയുള്ള പല ഘടകങ്ങളും കാരണമായതായി ഇന്‍ഡിഗോ വ്യക്തമാക്കി.