നാഷണല്‍ ഗാര്‍ഡുകളെ വെടിവെച്ചയാളുമായി ബന്ധമില്ല; പരിശീലിപ്പിച്ചത് യു എസ് എന്ന് താലിബാന്‍

നാഷണല്‍ ഗാര്‍ഡുകളെ വെടിവെച്ചയാളുമായി ബന്ധമില്ല; പരിശീലിപ്പിച്ചത് യു എസ് എന്ന് താലിബാന്‍


കാബൂള്‍: വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വെടിവെച്ച സംഭവത്തില്‍  അഫ്ഗാനിസ്ഥാനുമായി ബന്ധമില്ലെന്ന് താലിബാന്‍ സര്‍ക്കാര്‍. വെടിവെപ്പിനെക്കുറിച്ചുള്ള താലിബാന്റെ ആദ്യ പ്രതികരണമായിത്. 

ഇത്തരത്തില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ അമേരിക്കര്‍ തന്നെയാണ് പരിശീലിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കി ഒരു വീഡിയോയില്‍ പറഞ്ഞു. അതുകൊണ്ട് ഈ സംഭവം അഫ്ഗാന്‍ സര്‍ക്കാറിനെയോ ജനങ്ങളെയോ ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നവംബര്‍ 26നാണ് വൈറ്റ് ഹൗസിന് സമീപം രണ്ട് യു എസ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടന്നത്. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ നാഷണര്‍ ഗാര്‍ഡ് ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിലും നഴ്‌സിന്റെ ചോദ്യത്തോട് കൈ ഉയര്‍ത്തി തംപ്‌സ്  കാണിച്ചെന്നും വെര്‍ജീനിയ ഗവര്‍ണര്‍ പാട്രിക് മോറിസി അറിയിച്ചു. 

ഇതിനിടെ, ആരോപണ വിധേയനായ റഹ്മാനുല്ല ലകാന്‍വാല്‍ അഫ്ഗാന്‍ പൗരനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടം എല്ലാ അഭയാര്‍ഥി അപേക്ഷകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതോടെ അഫ്ഗാന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് നല്‍കിയിരുന്ന വിസ നടപടികളും താത്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.