പുട്ടിന് മോഡിയുടെ സ്വകാര്യ വിരുന്ന് ഇന്ന്; ഇന്ത്യ-റഷ്യ ബന്ധങ്ങള്‍ക്ക് പുതിയ മാനം

പുട്ടിന് മോഡിയുടെ സ്വകാര്യ വിരുന്ന് ഇന്ന്; ഇന്ത്യ-റഷ്യ ബന്ധങ്ങള്‍ക്ക് പുതിയ മാനം


ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ ഇന്ന് വൈകിട്ട് ന്യൂഡല്‍ഹിയിലെത്തുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിനായി സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കും. ഇന്ത്യ-അമേരിക്ക ബന്ധങ്ങളില്‍ നിലനിലക്കുന്ന കടുത്ത സമ്മര്‍ദങ്ങളും യുക്രെയിന്‍ യുദ്ധവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചര്‍ച്ചകളും പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ പുട്ടിന്റെ സന്ദര്‍ശനം വലിയ രാഷ്ട്രീയ-നയതന്ത്ര പ്രാധാന്യം നേടുകയാണ്.

ഇന്ന് വൈകിട്ട് ഏകദേശം 4.30ന് ഡല്‍ഹിയിലെത്തുന്ന പുട്ടിന്‍, പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം മോസ്‌കോ സന്ദര്‍ശനത്തിനിടെ മോഡിക്ക് പുട്ടിന്‍ നല്‍കിയ സമാന സൗഹൃദത്തിന്റെ പ്രതികരണമായാണ് ഈ വിരുന്ന്. വെള്ളിയാഴ്ച നടക്കുന്ന 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം, ആണവോര്‍ജ്ജം, തൊഴിലാളികളുടെ കൈമാറ്റം എന്നീ മേഖലകളില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കും.

വെള്ളിയാഴ്ച രാവിലെ പുട്ടിന് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മ ഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം ഹൈദരാബാദ് ഹൗസില്‍ ഉച്ചകോടി ആരംഭിക്കും. ചര്‍ച്ചകള്‍ക്കുശേഷം വ്യാപാര സഹകരണം, ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് റഷ്യയിലേക്കുള്ള യാത്ര ലളിതമാക്കല്‍, പ്രതിരോധ-ലജിസ്റ്റിക് പിന്തുണ തുടങ്ങിയ മേഖലകളില്‍ നിരവധി കരാറുകള്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന.

ഉച്ചകോടിയില്‍ പ്രധാനമായും ഉയരാന്‍ പോകുന്ന വിഷയം ഇന്ത്യ-റഷ്യ വ്യാപാരത്തിലുള്ള വലിയ അസന്തുലിതാവസ്ഥയാണ്. ഇന്ത്യ റഷ്യയില്‍നിന്ന് പ്രതിവര്‍ഷം ഏകദേശം 65 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളും സേവനങ്ങളും ഇറക്കുമതി ചെയ്യുമ്പോള്‍, ഇന്ത്യയില്‍നിന്നുള്ള റഷ്യയുടെ ഇറക്കുമതി ഏകദേശം 5 ബില്യണ്‍ ഡോളറിലാണ്. ഫാര്‍മ, കൃഷി, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഉപഭോക്തൃ വസ്തുക്കള്‍, വളം മേഖലകള്‍ എന്നിവയില്‍ ഇന്ത്യന്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കും.

ഊര്‍ജ്ജ മേഖലയും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയമാകും. അമേരിക്കന്‍ ഉപരോധങ്ങള്‍ മൂലം കുറച്ചുകാലത്തേക്ക് ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങല്‍ കുറഞ്ഞേക്കാമെന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സൂചിപ്പിച്ചെങ്കിലും വിതരണം വര്‍ധിപ്പിക്കാന്‍ റഷ്യ നടപടിയെടുക്കുകയാണെന്നും അറിയിച്ചു. വിലക്കിഴിവോടെ കൂടുതല്‍ എണ്ണ നല്‍കാനുള്ള റഷ്യയുടെ വാഗ്ദാനം ഇന്ത്യയ്ക്ക് ആശ്വാസകരമാണ്.

പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടക്കും. എസ് 400 വിമാനവേധ മിസൈല്‍ സിസ്റ്റത്തിന്റേയും മറ്റ് പ്രധാന ആയുധങ്ങളുടെയും അധിക വിതരണം, അഞ്ചാംതലമുറ യുദ്ധവിമാനങ്ങളിലേക്കുള്ള ഇന്ത്യയുടെ പദ്ധതിയില്‍ റഷ്യന്‍ എസ്‌യു-57യുടെ സാധ്യത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. 'ഓപ്പറേഷന്‍ സിന്ദൂര്‍' സമയത്ത് എസ്400 സംവിധാനത്തിന്റെ കാര്യക്ഷമത വ്യക്തമായതായി സൈനിക വൃത്തങ്ങള്‍ പറയുന്നു.

യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ അമേരിക്കന്‍ ശ്രമങ്ങളെക്കുറിച്ചും പുട്ടിന്‍ മോഡിയെ  അറിയിക്കുമെന്ന് കരുതുന്നു. യുദ്ധത്തിന് പരിഹാരം സംഭാഷണവും നയതന്ത്രവുമാണെന്ന ഇന്ത്യയുടെ നിലപാട് വീണ്ടും മോഡി ആവര്‍ത്തിക്കുമെന്നാണ് സൂചന.

ഉച്ചകോടിക്ക് പിന്നാലെ റഷ്യന്‍ സര്‍ക്കാര്‍ ബ്രോഡ്കാസ്റ്ററുടെ 'ഇന്ത്യ ചാനല്‍' പുട്ടിന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പുട്ടിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിക്കുന്ന സംസ്ഥാന വിരുന്നിലും അദ്ദേഹം പങ്കെടുക്കും. ഏകദേശം 28 മണിക്കൂര്‍ നീളുന്ന സന്ദര്‍ശനം വെള്ളിയാഴ്ച രാത്രി 9.30ഓടെ സമാപിക്കും.

ദീര്‍ഘകാലമായുള്ള ഇടപെടലുകളിലൂടെയും വിശ്വാസത്തിലൂടെയും ഇന്ത്യ-റഷ്യ ബന്ധം ശക്തമായ പങ്കാളിത്തമായി തുടരുകയാണ്; ആ ബന്ധത്തിന് ഈ സന്ദര്‍ശനം പുതിയ ഊര്‍ജ്ജവും ദിശയും നല്‍കുമെന്നാണ് പ്രതീക്ഷ.