കൊച്ചി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് നേരിടുന്ന പ്രവര്‍ത്തന പ്രതിസന്ധി രണ്ടാം ദിവസവും തുടര്‍ന്നതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായ 40ഓളം ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുകയോ മണിക്കൂറുകളോളം വൈകിപ്പിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കൊച്ചി വിമാനത്താവളം വ്യാഴാഴ്ച രാവിലെ യാത്രാ അറിയിപ്പ് പുറത്തിറക്കി.
ഏതെങ്കിലും പ്രത്യേക എയര്‍ലൈന്‍സിനെ പരാമര്‍ശിക്കാതെയായിരുന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിഐഎഎല്‍) പുറപ്പെടുവിച്ച യാത്രാ നിര്‍ദേശം. രാജ്യവ്യാപകമായി ചില ആഭ്യന്തര വിമാനക്കമ്പനികള്‍ പ്രവര്‍ത്തനപരമായ നിയന്ത്രണങ്ങള്‍ നേരിടുന്നതായി പ്രസ്താവനയില്‍ സൂചിപ്പിച്ചു. വിമാന കമ്പനികളുടെ ഓപ്പറേഷന്‍ ടീമുകളുമായി നിരന്തരമായി സഹകരിച്ച് യാത്രക്കാരെ സഹായിക്കുന്നതായി സിഐഎഎല്‍ അറിയിച്ചു. സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ ഇനിയും സമയം എടുക്കുമെന്നാണ് വിമാനത്താവള വൃത്തങ്ങളുടെ അഭിപ്രായം.
ഇതിനിടെ ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് മന്ദഗതിയിലായതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്കിങ്ങും യാത്രക്കാരുടെ വിവരശേഖരണവും പ്രയാസപ്പെട്ടതായി നഗരത്തിലെ ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു. ബുധനാഴ്ച മുംബൈയില്‍ പൈലറ്റ് ഷെഡ്യൂളിംഗ് തകരാറുകളും കാബിന്‍ ക്രൂവിന്റെ ലഭ്യതക്കുറവും മൂലം ഇന്‍ഡിഗോ രാജ്യവ്യാപകമായി 200ലധികം സര്‍വീസുകള്‍ റദ്ദാക്കുകയും നിരവധി വിമാനങ്ങള്‍ 12 മണിക്കൂര്‍ വരെ വൈകിപ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ച്ചയായ സര്‍വീസ് തടസങ്ങള്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതിനു പുറമേ വിമാന ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയരാന്‍ കാരണമായി. ജീവനക്കാരുടെ കുറവും നിയമന വിലക്കും നിലവിലെ പ്രതിസന്ധിക്ക് കാരണമാണെന്നായിരുന്നു പൈലറ്റുമാരുടെ സംഘടനയുടെ പ്രതികരണം.
ഇന്‍ഡിഗോ വിമാന സര്‍വീസുകളില്‍ വന്‍ തടസം; കൊച്ചി വിമാനത്താവളത്തില്‍ 40ഓളം സര്‍വീസുകളെ ബാധിച്ചു
