ന്യൂയോര്‍ക്ക്: മേയര്‍ തെരഞ്ഞെടുപ്പില്‍ യുവതികളില്‍ നിന്നും സോഹ്രാന്‍ മംദാനിക്ക് ലഭിച്ച പിന്തുണ 'വിരോധാഭാസകരവും ശ്രദ്ധേയവും' ആണെന്ന് പ്രസ്താവിച്ച് ടേണിംഗ് പോയിന്റ് യു എസ് എയുടെ സി ഇ ഒയും പരേതനായ കണ്‍സര്‍വേറ്റീവ് നേതാവ് ചാര്‍ലി കിര്‍ക്കിന്റെ വിധവയുമായ എറിക്കാ കിര്‍ക്ക്. അവരുടെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തി. ന്യൂയോര്‍ക്ക് ടൈംസ് സംഘടിപ്പിച്ച 2025 ഡീല്‍ബുക്ക് സമ്മിറ്റിലായിരുന്നു പ്രസ്താവന.
തെരഞ്ഞെടുപ്പില്‍ കരിയര്‍ കേന്ദ്രീകൃതമായ നിരവധി യുവതികള്‍ മംദാനിക്ക് വോട്ടു ചെയ്തതില്‍ തനിക്കുണ്ടായ അതിശയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ചിലര്‍ സര്‍ക്കാര്‍ സഹായത്തെ കുടുംബ നിര്‍മ്മിതിക്ക് പകരമായി കാണുന്നതായി തോന്നുന്നതായി കിര്‍ക്ക് അഭിപ്രായപ്പെട്ടു.
യുവതികള്‍ വിവാഹവും കുടുംബജീവിതവും മാറ്റിവെച്ച് സര്‍ക്കാര്‍ സഹായത്തെ ആശ്രയിക്കുന്നുവെന്ന മനോഭാവം വളരുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കിര്‍ക്ക് പറഞ്ഞു.
ന്യൂയോര്‍ക്ക് പോലുള്ള നഗരത്തില്‍ സര്‍ക്കാര്‍ പദ്ധതികളെ ആശ്രയിക്കാമെന്ന നിരാശാപൂര്‍ണ്ണ വിശ്വാസം അപകടകരമാണെന്നും ബന്ധങ്ങളില്‍ പരസ്പര പിന്തുണയാണ് ഏറ്റവും പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രോഗ്രസീവ് രാഷ്ട്രീയ നിലപാടുകളും ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മംദാനിയുടെ പ്ലാറ്റ്ഫോമിനിടയിലും അദ്ദേഹത്തെ പിന്തുണച്ചവരില്‍ വലിയൊരു വിഭാഗം സ്ത്രീകളായിരുന്നെന്നത് 'വിരോധാഭാസപരമായിരിക്കുന്നു' എന്നാണ് കിര്‍ക്ക് വിലയിരുത്തിയത്.
34കാരനായ സോഹ്രാന്‍ മംദാനി ന്യൂയോര്‍ക്ക് നഗരത്തിലെ പ്രധാന മേയര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ആദ്യ മുസ്ലിം സ്ഥാനാര്‍ഥി എന്ന നിലയില്‍ ചരിത്രം കുറിച്ചു. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയെ പരാജയപ്പെടുത്തിയതോടെ മംദാനിയുടെ പ്രചാരണവും വ്യക്തിത്വവും സംസ്ഥാനത്തുടനീളം ശ്രദ്ധ നേടി.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഇസ്ലാമോഫോബിയ ഉള്‍പ്പെടെ നേരിട്ട വെല്ലുവിളികള്‍ക്കിടയിലും സിനിമ, റാപ്പ്, എഴുത്ത് തുടങ്ങിയ വിവിധ മേഖലകളിലെ അനുഭവങ്ങള്‍ സമൂഹമാറ്റത്തിനായി ഉപയോഗിക്കുന്ന ആക്ടിവിസ്റ്റും സംഘാടകനും എന്ന നിലയിലാണ് അദ്ദേഹം സ്വയം അവതരിപ്പിക്കുന്നത്.
