നോര്‍ഫോക് (വിര്‍ജീനിയ): ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസിനെതിരെ പുതിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഗ്രാന്‍ഡ് ജ്യൂറി വ്യാഴാഴ്ച വിസമ്മതിച്ചു. ദിവസങ്ങള്‍ മുമ്പാണ് ലെറ്റിഷ്യ ജെയിംസിനും മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്കും എതിരെ നല്‍കിയ ആദ്യ കുറ്റപത്രം കോടതി റദ്ദാക്കിയത്. ഇതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകയായ ലെറ്റിഷ്യ ജെയിംസിനെതിരെ നടപടി തുടരാനുള്ള നീതിന്യായ വകുപ്പിന്റെ നീക്കത്തിന് മറ്റൊരു തിരിച്ചടിയേറ്റിരിക്കുകയാണ്.
നവംബര്‍ 24ന് ജഡ്ജി കാമറണ്‍ മക്‌ഗോവാന്‍ ക്യൂറി ആണ് ജെയിംസിനും കോമിക്കുമെതിരെ ചുമത്തിയ ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കിയത്. കേസുകള്‍ കൊണ്ടുവന്ന ട്രംപ് നിയമിച്ച പ്രോസിക്യൂട്ടര്‍ ലിന്‍ഡ്‌സി ഹാലിഗന്‍ നിയമപരമായി ആ സ്ഥാനത്ത് സേവനം അനുഷ്ഠിക്കുന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സെനറ്റ് സ്ഥിരീകരണമില്ലാതെ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ ട്രംപ് ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ തള്ളിക്കളഞ്ഞ നിരവധി കോടതി വിധികളിലൊന്നായിരുന്നു ഇത്.
കേസ് വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഹാലിഗന്റെ നിയമനം ചോദ്യം ചെയ്യപ്പെടാതിരിക്കാനായി മറ്റ് പ്രോസിക്യൂട്ടര്‍മാരെയും, മിസൂരിയില്‍ നിന്നൊരാളെയും ഉള്‍പ്പെടുത്തി കുറ്റപത്രം പുതുക്കാനായിരുന്നു ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ നീക്കം. എന്നാല്‍ ഗ്രാന്‍ഡ് ജ്യൂറിയുടെ വിസമ്മതം ആ ശ്രമങ്ങള്‍ അട്ടിമറിച്ചിരിക്കുകയാണ്.
ലറ്റിഷ്യ ജെയിംസിന്റെ അഭിഭാഷകനായ അബെ ലോവല്‍ വിധിയെ സ്വാഗതം ചെയ്തു. 'തുടക്കം പോലും ഉണ്ടാകരുതായിരുന്ന ഒരു കേസിനെയാണ് ഗ്രാന്‍ഡ് ജ്യൂറി വ്യക്തമായി തള്ളിയിരിക്കുന്നത്. കോടതി ഇടപെടലിനും ഗ്രാന്‍ഡ് ജ്യൂറിയുടെ നിലപാടിനും ശേഷവും കേസ് തുടരാന്‍ ശ്രമിച്ചാല്‍ അത് നിയമവാഴ്ചയ്‌ക്കെതിരായ ഗുരുതര ആക്രമണമാകും,' എന്നും അദ്ദേഹം പറഞ്ഞു. നീതിന്യായ വകുപ്പ് പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ജെയിംസിനെതിരെ വീണ്ടും അന്വേഷണം നടത്താനുള്ള മറ്റ് വഴികള്‍ അന്വേഷിച്ചേക്കാമെന്ന് സൂചനയുണ്ട്.
വിര്‍ജീനിയയിലെ നോര്‍ഫോകില്‍ ലെറ്റിഷ്യ ജെയിംസ് വാങ്ങിയ വീടുമായി ബന്ധപ്പെട്ട് വായ്പാ സൗകര്യങ്ങള്‍ ലഭിക്കാന്‍ ബോധപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചായിരുന്നു ആദ്യ കുറ്റപത്രം. കോടതിയില്‍ ഹാജരായ ജെയിംസ് കുറ്റം നിഷേധിക്കുകയും കേസ് രാഷ്ട്രീയപ്രേരിതമായ നിയമവ്യവസ്ഥയുടെ ആയുധവത്കരണമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ട്രംപിനെയും അദ്ദേഹത്തിന്റെ ബിസിനസ്സുകള്‍ക്കും എതിരെ സിവില്‍ തട്ടിപ്പ് കേസ് നല്‍കിയത് ജെയിംസിന്റെ ഓഫീസായിരുന്നു.
ട്രംപ്, തന്റെ രാഷ്ട്രീയ എതിരാളികളായ കോമിക്കും ജെയിംസിനുമെതിരെ നടപടി സ്വീകരിക്കാന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയോട് പരസ്യമായി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. കേസുകള്‍ റദ്ദായതിനു ശേഷം ജെയിംസിനെയും കോമിയെയും 'നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്' ഉത്തരവാദികളാക്കാന്‍ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് ബോണ്ടി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞു എന്നാരോപിച്ച് 2020ലെ ഹിയറിംഗുമായി ബന്ധപ്പെട്ടാണ് കോമിക്കെതിരെ കേസ് എടുത്തത്. കേസ് 'വിത് പ്രെജുഡീസ്' ആയി റദ്ദാക്കണമെന്ന് കോമി ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി 'വിതൗട്ട് പ്രെജുഡീസ്' ആയി റദ്ദാക്കിയതിനാല്‍ കേസുകള്‍ വീണ്ടും കൊണ്ടുവരാനുള്ള വഴി സാങ്കേതികമായി തടസമില്ലാത്ത നിലയിലാണ്.
ലെറ്റിഷ്യ ജെയിംസിനെതിരെ വീണ്ടും കുറ്റപത്രം നല്‍കാന്‍ വിസമ്മതിച്ച് ഗ്രാന്‍ഡ് ജ്യൂറി; ട്രംപ് ഭരണകൂടത്തിന് തിരിച്ചടി
