മിന്നസോട്ടയില്‍ സാമൂഹിക സേവന പദ്ധതിയില്‍ വന്‍ തട്ടിപ്പ്: സോമാലി സമൂഹം വിവാദച്ചുഴിയില്‍

മിന്നസോട്ടയില്‍ സാമൂഹിക സേവന പദ്ധതിയില്‍ വന്‍ തട്ടിപ്പ്: സോമാലി സമൂഹം വിവാദച്ചുഴിയില്‍


മിനിയാപൊളിസ്: അമേരിക്കയിലെ മിന്നസോട്ട സംസ്ഥാനത്തെ സാമൂഹ്യസേവന പദ്ധതികളില്‍ പുറത്തുവന്ന വന്‍തട്ടിപ്പ് കേസുകള്‍ ദേശീയ തലത്തില്‍ വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയാണ്. കോവിഡ് കാലത്തും തുടര്‍ന്നും നടപ്പാക്കിയ വിവിധ സര്‍ക്കാര്‍ സഹായ പദ്ധതികളില്‍ ഒരു ബില്ല്യണ്‍ ഡോളറിലധികം തുക ദുരുപയോഗം ചെയ്തുവെന്നാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ കണ്ടെത്തല്‍. കേസുകളില്‍ പ്രതികളായവരില്‍ ഒരു വിഭാഗം സോമാലി വംശജരാണെന്നത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി.

കോവിഡ് മഹാമാരിക്കാലത്ത് ഫെഡറല്‍ സര്‍ക്കാരിന്റെ സഹായത്തോടെ മിന്നസോട്ടയില്‍ നടപ്പാക്കിയ കുട്ടികളുടെ പോഷകാഹാര പദ്ധതിയിലാണ് വന്‍ തട്ടിപ്പ് ഉണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ആയിരക്കണക്കിന് കുട്ടികള്‍ക്ക് ദിവസം പല നേരം ഭക്ഷണം വിതരണം ചെയ്തുവെന്ന പേരില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍ ഫണ്ടുകള്‍ കൈപ്പറ്റിയെന്നതാണ് പരാതി. പല ഭക്ഷണവിതരണ കേന്ദ്രങ്ങളും യാഥാര്‍ത്ഥ്യത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും, ചില ഇടങ്ങളില്‍ പാര്‍ക്കിങ് സ്ഥലങ്ങളും ഒഴിഞ്ഞ വ്യാപാര കെട്ടിടങ്ങളും ഭക്ഷണ കേന്ദ്രങ്ങളായി രേഖപ്പെടുത്തിയെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

'ഫീഡിംഗ് ഔര്‍ ഫ്യൂച്ചര്‍' എന്ന കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം അറുപത് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ 78ാമത്തെ പ്രതിക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിനെ അമേരിക്കയിലെ ഏറ്റവും വലിയ കോവിഡ്‌സഹായ ഫണ്ട് തട്ടിപ്പുകളിലൊന്നായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. കേസിലെ ഒരു 24 വയസ്സുകാരന്‍ മാത്രം ഒന്‍പതു ലക്ഷത്തിലധികം ഡോളര്‍ തട്ടിയെടുത്തതായും, ആഡംബര വിദേശയാത്രകള്‍ക്കും വിലകൂടിയ ആഭരണങ്ങള്‍ വാങ്ങുന്നതിനും പണം ചെലവാക്കിയതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ഈ അന്വേഷണങ്ങള്‍ പിന്നീട് സംസ്ഥാനത്തിന്റെ മറ്റ് സാമൂഹ്യസേവന മേഖലകളിലേക്കും വ്യാപിച്ചു. വൈകല്യമുള്ളവര്‍ക്കും ലഹരി ആശ്രിതര്‍ക്കുമായുള്ള ഭവനസഹായ പദ്ധതിയിലും വലിയ അഴിമതി കണ്ടെത്തിയതോടെ, പദ്ധതി സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഈ പദ്ധതിയിലൂടെ ഓരോ പ്രതിയും മൂന്നു മുതല്‍ നാല് ലക്ഷം ഡോളര്‍ വരെ അനധികൃതമായി കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ചിലര്‍ ഈ പണം വിദേശത്തുള്ള സ്വത്തുക്കളിനും ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനുമായി ഉപയോഗിച്ചതായും ആരോപണമുണ്ട്.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും യുവാക്കള്‍ക്കും ചികിത്സയും പിന്തുണയും നല്‍കുന്നതിനുള്ള സംസ്ഥാന പദ്ധതിയിലും തട്ടിപ്പ് നടന്നതായി സെപ്റ്റംബറില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ചികിത്സ നല്‍കിയെന്ന വ്യാജവാദം ഉന്നയിച്ച് ഒരു കമ്പനി മാത്രം 2019 മുതല്‍ 2024 വരെ 14 മില്യണ്‍ ഡോളറിലധികം തുക കൈപ്പറ്റിയെന്നാണ് കേസ്. ചില രക്ഷിതാക്കള്‍ക്ക് പണം നല്‍കി കുട്ടികളെ ചികിത്സാ പദ്ധതിയില്‍ ചേര്‍ത്തതായും, ആവശ്യമായ രോഗനിര്‍ണയം പോലും ഇല്ലാത്ത കുട്ടികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന യുഎസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി ഗവര്‍ണര്‍ ടിം വാള്‍സിനും സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കീത്ത് എലിസണിനും നോട്ടീസ് അയച്ചു. തട്ടിപ്പിനെക്കുറിച്ച് സര്‍ക്കാര്‍ മുന്‍കൂട്ടി അറിയാമായിരുന്നിട്ടും രാഷ്ട്രീയ കാരണങ്ങളാല്‍ ഇടപെടാത്തതെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

അതേസമയം,  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിഷയത്തില്‍ കടുത്ത പ്രതികരണം നടത്തിയതോടെ സാഹചര്യം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. മിന്നസോട്ടയിലെ സോമാലി കുടിയേറ്റക്കാര്‍ക്കെതിരെ ഉയര്‍ത്തിയ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ഡെമോക്രാറ്റിക് നേതാക്കളും സിവില്‍ സമൂഹവും കടുത്ത ഭാഷയില്‍ വിമര്‍ശിരിക്കുകയാണ്. കുറച്ച് പേരുടെ കുറ്റകൃത്യം മുഴുവന്‍ സമൂഹത്തേക്കും ബാധകമാക്കുന്നത് അനീതിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

തട്ടിപ്പും അഴിമതിയും സര്‍ക്കാര്‍ ഒരിക്കലും സഹിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും ഗവര്‍ണര്‍ ടിം വാള്‍സ് വ്യക്തമാക്കി. അതേസമയം, ഒരു സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മിന്നസോട്ടയില്‍ ഏകദേശം 80,000 സോമാലി വംശജര്‍ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സമൂഹം നല്‍കിയ സംഭാവനകള്‍ ചൂണ്ടിക്കാട്ടിയ ഡെമോക്രാറ്റിക് നേതാക്കള്‍, അഴിമതിയ്‌ക്കെതിരെയുള്ള നടപടികളും സാമൂഹിക ഐക്യവും ഒരുപോലെ മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെട്ടു.

അതിനിടെ, തട്ടിപ്പ് കേസുകളിലെ അന്വേഷണം ശക്തമായി തുടരുമെന്നാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ അറിയിപ്പ്. കുറ്റക്കാര്‍ ആരായാലും നിയമത്തിന് മുന്നില്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.