വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ സിദ്ധാന്തം (Birthright Citizenship) അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം പരിശോധിക്കാന്‍ യു.എസ്. സുപ്രീം കോടതി തയ്യാറായി. ട്രംപ് ഇറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാന്‍ നടത്തിയ ശ്രമം വിവിധ കീഴ്‌ക്കോടതികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് വിഷയം സുപ്രീം കോടതിയില്‍ എത്തിയത്. വെള്ളിയാഴ്ച (ഡിസംബര്‍ 5) കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചതോടെ, നേരത്തെ വിട്ടുനിന്നിരുന്ന ഭരണഘടനാപരമായ വാദങ്ങളുടെ സാരാംശത്തിലേക്കാണ് കോടതി നേരിട്ട് കടക്കുന്നത്.
അടുത്ത വര്‍ഷം വാദം കേള്‍ക്കുന്ന സുപ്രീം കോടതി, ജൂണ്‍ അവസാനത്തോടെ വിധി പ്രസ്താവിക്കുമെന്നാണ് സൂചന. ട്രംപ് ഭരണകാലത്ത് ഏറ്റവും വിവാദമായ വിഷയങ്ങളിലൊന്നാണ് ജന്മാവകാശ പൗരത്വം. 'ഈ ഭരണകാലത്തിന്റെ തുടക്കം മുതല്‍ പ്രസിഡന്റ് ട്രംപ് ഏറ്റവും തെറ്റായ നിലപാട് സ്വീകരിച്ച വിഷയമാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ജന്മാവകാശ പൗരത്വം ചുരുക്കാനുള്ള ശ്രമം, ' എന്ന് സി.എന്‍.എന്‍-ലെ സുപ്രീം കോടതി വിശകലനക്കാരനും ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി നിയമ വിദഗ്ധനുമായ സ്റ്റീവ് വ്‌ലാഡെക് പ്രതികരിച്ചു.
അമേരിക്കന്‍ ഭരണഘടനയിലെ പതിനാലാം ഭേദഗതിക്കും, ബന്ധപ്പെട്ട നിയമങ്ങള്‍ക്കും, 1898ലെ സുപ്രീം കോടതി നിര്‍ണായക വ്യാഖ്യാനത്തിനും വിരുദ്ധമാണ് ട്രംപിന്റെ നീക്കം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇക്കഴിഞ്ഞ വേനലില്‍ ഈ നയത്തിനെതിരായ ഇന്‍ജങ്ഷനുകള്‍ ചുരുക്കാന്‍ കോടതി ട്രംപിന് അനുകൂലമായി നിലകൊണ്ടിരുന്നെങ്കിലും, ഇപ്പോള്‍ കാര്യത്തിന്റെ മെരിറ്റിലെത്തുമ്പോള്‍ ഈ കോടതിയെങ്കിലും ട്രംപിനെതിരായ വിധിയിലേക്കാണ് നീങ്ങാന്‍ സാധ്യത,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെല്ലാം നിയമഅടിസ്ഥാനങ്ങളിലായിരിക്കും വിധി എത്തുക എന്നതാണ് ഇപ്പോള്‍ ശേഷിക്കുന്ന പ്രധാന ചോദ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം: വാദം കേള്‍ക്കാന്‍ യു.എസ്. സുപ്രീം കോടതി
