ഫ്‌ളോറിഡ : ഫ്‌ളോറിഡയില്‍ മുന്‍പ് നടന്ന കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ കേസിലെ ഗ്രാന്‍ഡ് ജ്യൂറി ട്രാന്‍സ്‌ക്രിപ്റ്റുകള്‍ പുറത്തുവിടാന്‍ യുഎസ് ഫെഡറല്‍ കോടതി അനുമതി നല്‍കി. ഡിസംബര്‍ 5 വെള്ളിയാഴ്ചയാണ് യുഎസ് ജില്ലാ ജഡ്ജി റോഡ്‌നി സ്മിത്ത് ഉത്തരവ് പുറപ്പെടുവിച്ചത്. 'എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പാരന്‍സി ആക്ട്' പ്രകാരം രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് നിയമം നിര്‍ബന്ധമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മാസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുവിലേക്ക് വിട്ടുതരാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഗ്രാന്‍ഡ് ജ്യൂറി നടപടികളിലെ രേഖകള്‍ പുറത്തുവിടാന്‍ അപേക്ഷ നല്‍കിയത്. സാധാരണയായി രഹസ്യമായി സൂക്ഷിക്കുന്ന ഗ്രാന്‍ഡ് ജ്യൂറി രേഖകള്‍ പുറത്തുവിടണമെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍ അഭ്യര്‍ഥന കോടതി തള്ളിയിരുന്നു. എന്നാല്‍ പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നിലപാട് മാറ്റമെന്ന് കോടതി വ്യക്തമാക്കിയത്.
എപ്സ്റ്റീന്‍ കേസ് രേഖകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ കോടതി ഉത്തരവ്
