കെജ്രിവാളിന്റെ അറസ്റ്റ്, കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍: അസ്വസ്ഥത വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ

കെജ്രിവാളിന്റെ അറസ്റ്റ്, കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍: അസ്വസ്ഥത വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ


യു.എന്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനും കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനും ഇടയില്‍ ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ഐക്യരാഷ്ട്രസഭ.

'തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയവും പൗരാവകാശങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഞങ്ങള്‍ വളരെയധികം പ്രതീക്ഷിക്കുന്നു. കൂടാതെ എല്ലാവര്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാന്‍ കഴിയുമെന്നും കരുതുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഡല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.  ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണ് കെജ്രിവാള്‍.

അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം നല്‍കാതെ ആദായനികുതി വകുപ്പ് ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സീല്‍ ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു.

കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസിന്റെയും ജര്‍മ്മനിയുടെയും സമാന പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടെ പരാമര്‍ശം.

കെജ്രിവാളിന്റെ അറസ്റ്റ് ''സൂക്ഷ്മമായി നിരീക്ഷിക്കുന്നു'' എന്നും ''ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടി വിഷയത്തില്‍  ഉണ്ടാവേണ്ടതാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ന്യൂ ഡല്‍ഹിയിലെ മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രസ്താവനയില്‍ ഇന്ത്യയുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.  ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം ബുധനാഴ്ച, യുഎസ് അതേ നിലപാട് ആവര്‍ത്തിച്ചു. സുതാര്യവും സമയബന്ധിതവുമായ നിയമ നടപടികള്‍ ആവശ്യപ്പെടുന്നുവെന്നായിരുന്നു യുഎസ് പറഞ്ഞത്.

''ഞാന്‍ സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളെ കുറിച്ച് സംസാരിക്കാന്‍ പോകുന്നില്ല. എന്നാല്‍ തീര്‍ച്ചയായും ഞങ്ങള്‍ പരസ്യമായി പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികളെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ആരും അതിനെ എതിര്‍ക്കേണ്ടതില്ലെന്ന് ഞങ്ങള്‍ കരുതുന്നു.' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.

'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാന ജനാധിപത്യ തത്വങ്ങളും' കെജ്രിവാളിന്റെ കേസില്‍ പ്രയോഗിക്കുമെന്ന് ജര്‍മ്മന്‍ വിദേശകാര്യ വക്താവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം പിന്നീട് ജര്‍മ്മന്‍ എംബസിയിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ വിളിച്ച് രാജ്യത്തിന്റെ അഭിപ്രായങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു 'ആഭ്യന്തര കാര്യങ്ങളിലെ അനാവശ്യ ഇടപെടല്‍' എന്ന് ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് അരവിന്ദ് കേജ്രിവാളിനെതിരായ കേസ് പിന്നീട് റദ്ദാക്കിയത്.