ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ സ്വാധീനം കുറയുന്നോ? തന്ത്രപരവും സാമ്പത്തികവുമായ ഇടങ്ങള്‍ പൂരിപ്പിച്ച് ചൈനയും പാകിസ്താനും

ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ സ്വാധീനം കുറയുന്നോ? തന്ത്രപരവും സാമ്പത്തികവുമായ ഇടങ്ങള്‍ പൂരിപ്പിച്ച് ചൈനയും പാകിസ്താനും


ന്യൂഡല്‍ഹി; ഗള്‍ഫ് മേഖലയും ഇറാനും ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ മേഖലയിലെ തന്ത്രപരമായ സ്വാധീനവും പ്രാധാന്യവും ഇന്ത്യയ്ക്ക് ക്രമേണ നഷ്ടപ്പെടുന്നുവെന്ന് സൂചനകള്‍. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി സി സി) അംഗരാജ്യങ്ങളില്‍ ചൈനയും പാകിസ്താനും അവരുടെ സാമ്പത്തിക, സൈനിക, സാംസ്‌കാരിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇന്ത്യയുടെ സ്ഥാനം വെല്ലുവിളിക്കപ്പെടുന്നത്. വ്യാപാര ബന്ധങ്ങളും പ്രവാസി സാന്നിധ്യവും കൂട്ടിച്ചേര്‍ത്ത ഇടപാട് അധിഷ്ഠിത സമീപനവും പ്രാദേശിക സംഘര്‍ഷങ്ങളില്‍ പ്രതിബദ്ധതയില്ലാത്ത നിഷ്പക്ഷ നിലപാടുമാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്. യു എസ്- ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷങ്ങളും ഇസ്രായേല്‍- ഹമാസ് ഗാസ യുദ്ധവും ഉള്‍പ്പെടെയുള്ള പുതിയ സംഭവവികാസങ്ങളില്‍ ഈ സമീപനം വീണ്ടും വ്യക്തമായി.

സൗദി അറേബ്യ, യു എ ഇ പോലുള്ള ജി സി സി ശക്തികളുമായും ഇറാനുമായും വ്യാപാര- സാമ്പത്തിക പങ്കാളിത്തങ്ങള്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ കൊണ്ടാണ് വളര്‍ത്തിയെടുത്തത്. കുടിയേറ്റത്തിന്റെ ശക്തമായ അടിത്തറയിലാണ് ഈ ബന്ധങ്ങള്‍ വളര്‍ന്നത്. എന്നാല്‍, ഇരുരാജ്യബന്ധങ്ങളിലെ പല മേഖലകളിലും ചൈനയും പാകിസ്താനും ഇന്ത്യയെ പിന്നിലാക്കുകയോ ഒഴിവുകള്‍ പൂരിപ്പിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്.

യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവ ഉള്‍പ്പെടുന്ന ജി സി സി ഇന്ത്യയുടെ വിദേശനയത്തില്‍ നിര്‍ണായക സ്ഥാനമാണ് വഹിക്കുന്നത്. ഊര്‍ജസുരക്ഷ, വ്യാപാരം, പ്രവാസി സമൂഹം എന്നിവയാണ് പ്രധാന ഘടകങ്ങള്‍. എന്നാല്‍ ഇന്ത്യയുടെ സ്വാധീനം പ്രധാനമായും സാമ്പത്തികവും ഇടപാട് സ്വഭാവമുള്ളതുമാണ്. ഭൗമരാഷ്ട്രീയമായ സ്വാധീനം പരിമിതമാണ്. ഇറാന്‍ നയത്തെപ്പോലെ ഇടപെടലില്ലായ്മയാണ് ഇന്ത്യയുടെ സമീപനത്തിന്റെ മുഖ്യ സവിശേഷത.

ഇതിനു വിരുദ്ധമായി ചൈന മേഖലയില്‍ നിക്ഷേപവും തന്ത്രപരമായ മധ്യസ്ഥതയും ശക്തമാക്കി കേവലം വ്യാപാര പങ്കാളിയെന്ന നിലയില്‍ നിന്ന് ഏറെ മുന്നോട്ട് പോയി. സാമ്പത്തികമായി ദുര്‍ബലവും ജി സി സി സഹായത്തില്‍ ആശ്രിതവുമായിട്ടും സൗദി അറേബ്യയുമായി ദീര്‍ഘകാല സൈനിക- സുരക്ഷ ബന്ധങ്ങളിലൂടെ പാകിസ്താനും സ്വാധീനം നിലനിര്‍ത്തുന്നു.

ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ സമഗ്ര തന്ത്രം, സൈനികമായോ രാഷ്ട്രീയമായോ അതിക്രമത്തിലേക്ക് പോകാതെ പ്രസക്തി നിലനിര്‍ത്തുകയെന്നതാണ്. ഊര്‍ജവിതരണവും പ്രവാസി താത്പര്യങ്ങളും അപകടത്തിലാക്കുന്ന സുരക്ഷാ ഇടപെടലുകള്‍ ഒഴിവാക്കി, സാമ്പത്തിക പങ്കാളിത്തത്തിനും നയതന്ത്ര നിഷ്പക്ഷതയ്ക്കുമാണ് മുന്‍ഗണന.

ജി സി സി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ബന്ധങ്ങള്‍ ശക്തമായിത്തന്നെയാണ് തുടരുന്നത്. ഇരുരാജ്യ വ്യാപാരം ഏകദേശം 170 ബില്യണ്‍ ഡോളറാണ്. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ മിച്ചമുണ്ട്. ഇന്ത്യയുടെ കയറ്റുമതി 56- 57 ബില്യണ്‍ ഡോളറും പ്രധാനമായും ഊര്‍ജമായ ഇറക്കുമതി 121- 122 ബില്യണ്‍ ഡോളറുമാണ്.

യു എ ഇയും സൗദി അറേബ്യയും ഇന്ത്യയുടെ പ്രധാന പങ്കാളികളാണ്. ഇന്ത്യ- യു എ ഇ വ്യാപാരം 2025ല്‍ ഏകദേശം 100 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യ- സൗദി വ്യാപാരം 2023- 24ല്‍ 41- 43 ബില്യണ്‍ ഡോളറായിരുന്നു. 2025ല്‍ അസംസ്‌കൃത എണ്ണ, എല്‍ പി ജി, പെട്രോകെമിക്കല്‍സ്, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ ഊര്‍ജ സഹകരണ കരാറുകളും ഒപ്പുവച്ചു.

ജി സി സി ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 35- 40 ശതമാനവും എല്‍ എന്‍ ജി ആവശ്യത്തിന്റെ ഏകദേശം 70 ശതമാനവും വിതരണം ചെയ്യുന്നു. അതിനാല്‍ ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് ഈ മേഖല അനിവാര്യമാണ്.

ജി സി സി രാജ്യങ്ങളില്‍ ഏകദേശം 90- 100 ലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. വര്‍ഷംതോറും 38 മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെ റമിറ്റന്‍സായി ഇന്ത്യയിലേക്ക് അയക്കുന്നു. മഹാമാരിക്കുശേഷം ഈ പ്രവാഹം ശക്തമായി തിരിച്ചുവരവ് രേഖപ്പെടുത്തി. ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ സംരംഭകത്വം ശക്തമാകുന്നതിന്റെ ഉദാഹരണമാണ് 2025ന്റെ ആദ്യ പകുതിയില്‍ മാത്രം ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സില്‍ 9,038 പുതിയ ഇന്ത്യന്‍ അംഗങ്ങള്‍ ചേര്‍ന്നത്.

2024 ഡിസംബര്‍ വരെ ജി സി സിയുടെ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 28.28 ബില്യണ്‍ ഡോളര്‍ കടന്നു. 2023ല്‍ ആരംഭിച്ച ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക കൊറിഡോര്‍ ഇന്ത്യയെ ഗള്‍ഫിലൂടെ യൂറോപ്പുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് പകരമായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.

2022ല്‍ യു എ ഇയുമായും 2025ല്‍ ഒമാനുമായും ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകള്‍ ഒപ്പുവച്ചു. 2024 സെപ്റ്റംബറില്‍ നടന്ന ആദ്യ ഇന്ത്യ- ജി സി സി  സംയുക്ത മന്ത്രിസഭാ യോഗത്തില്‍ 2024- 2028 പ്രവര്‍ത്തനപദ്ധതി അംഗീകരിച്ചു. 2025ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗദി സന്ദര്‍ശനവും മറ്റ് ഉന്നതതല ഇടപെടലുകളും പ്രതിരോധ സഹകരണവും ഭീകരവിരുദ്ധ സഹകരണവും വിപുലീകരിച്ചു.

ഈ മുന്നേറ്റങ്ങള്‍ക്കിടയിലും ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ സ്വാധീനം സമ്മര്‍ദ്ദത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്രായേല്‍- ഹമാസ് ഗാസ യുദ്ധം, ഹൂതികളുമായി ബന്ധപ്പെട്ട യമന്‍ സംഘര്‍ഷം, ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ എന്നിവയിലുടനീളം ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ഇറാന്‍- ഇസ്രായേല്‍ പ്രതിസന്ധിക്കിടെ സംഘര്‍ഷ ശമനത്തിന് ആഹ്വാനം ചെയ്യുന്നതില്‍ മാത്രമാണ് ഇന്ത്യ ഒതുങ്ങിയത്.

ഈ സമീപനം ഇന്ത്യയുടെ താത്ക്കാലിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെങ്കിലും പ്രതിസന്ധിക്കാലങ്ങളില്‍ 'സഹായത്തിനുള്ള സുഹൃത്ത്' അല്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.

ചൈന ഇടപാട് അധിഷ്ഠിത വ്യാപാരത്തെ മറികടന്ന് സാമ്പത്തിക വലുപ്പവും സജീവ നയതന്ത്രവും സംയോജിപ്പിച്ച സമീപനമാണ് സ്വീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈന 2024ല്‍ ജി സി സി ഊര്‍ജ കയറ്റുമതിയുടെ ഏകദേശം 19 ശതമാനം പങ്കുവഹിച്ചു. ഗള്‍ഫ്- ചൈന വ്യാപാരം 2028ഓടെ 375 ബില്യണ്‍ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

ഗ്രീന്‍ എനര്‍ജി രംഗത്തും ചൈന മുന്‍നിരയിലാണ്. 2018 മുതല്‍ 2023 വരെ യു എ ഇയിലും സൗദിയിലും മാത്രം 9.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ചൈന നടത്തിയത്. 2023ലെ സൗദി- ഇറാന്‍ സൗഹൃദ പുനഃസ്ഥാപനത്തില്‍ ചൈന വഹിച്ച മധ്യസ്ഥ പങ്ക് ഗള്‍ഫ് മേഖലയിലെ അതിന്റെ രാഷ്ട്രീയ വിശ്വാസ്യത വര്‍ധിപ്പിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ദീര്‍ഘകാല സൈനിക ബന്ധങ്ങളിലൂടെ പാകിസ്താന്‍ ഗള്‍ഫ് മേഖലയിലെ സ്വാധീനം നിലനിര്‍ത്തുന്നു. 2025 സെപ്റ്റംബറില്‍ ഒപ്പുവച്ച സൗദി- പാകിസ്താന്‍ സ്ട്രാറ്റജിക് മ്യൂച്വല്‍ ഡിഫന്‍സ് കരാര്‍ നിര്‍ണായക വഴിത്തിരിവായി. ഗാസയിലെ സമാധാന സേനയില്‍ പങ്കുചേരാനുള്ള സാധ്യത ഉള്‍പ്പെടെ, മേഖലയില്‍ സുരക്ഷാ പങ്കാളിയായി ഉയരാനുള്ള ശ്രമങ്ങളിലാണ് പാകിസ്താന്‍.

അമേരിക്കന്‍ ആശ്രിതത്വം കുറച്ച് ബഹുധ്രുവ ലോകക്രമത്തിലേക്ക് നീങ്ങുന്ന പുതിയ ഗള്‍ഫ് സാഹചര്യത്തിലാണ് ഇന്ത്യ, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം ശക്തമാകുന്നത്. ഇന്ത്യയുടെ പ്രയോജനം മാത്രം നോക്കുന്ന സമീപനം സ്ഥിരത ഉറപ്പാക്കുമ്പോഴും സ്വാധീന മത്സരത്തില്‍ മുന്നിലെത്താന്‍ കൂടുതല്‍ ധൈര്യമുള്ള നടപടികള്‍ ആവശ്യമായി വരുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.