സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് മോദി നേരിട്ടെന്ന് മുന്‍ ജഡ്ജി കെ. ചന്ദ്രു

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് മോദി നേരിട്ടെന്ന് മുന്‍ ജഡ്ജി കെ. ചന്ദ്രു


ചെന്നൈ: സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ കൊളീജിയം സംവിധാനത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് നിയമിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ. ചന്ദ്രു ആരോപിച്ചു. 2014ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും സുപ്രീംകോടതി നിയമം റദ്ദാക്കിയതിനു പിന്നാലെയാണ് ഈ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

കൊളീജിയം സംവിധാനത്തില്‍ സുതാര്യതയില്ലെന്നും ഭരണഘടന അംഗീകരിച്ച സംവിധാനമല്ല അതെന്നും ചന്ദ്രു വിമര്‍ശിച്ചു. രാജ്യത്തെ ജഡ്ജിമാരുടെ നിയമന നടപടികള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമായി അറിയാന്‍ കഴിയാത്ത വിധത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം സംഘടിപ്പിച്ച 'ആരാണ് ജഡ്ജിമാരെ വിധിക്കുക?' എന്ന വിഷയത്തിലുള്ള സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മുരളീധര്‍ സുപ്രീംകോടതിയിലെ വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടി. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് രണ്ടുവര്‍ഷം ലഭിച്ചിട്ടും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ യോഗ്യയായ ഒരു വനിതാ ജഡ്ജിയെ കണ്ടെത്താനായില്ലെന്നത് വൈവിധ്യത്തെക്കുറിച്ചുള്ള വാദങ്ങള്‍ പ്രായോഗികമായി നടപ്പാകുന്നില്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍, പഞ്ചാബ്ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി കെ.കെ. കണ്ണന്‍, മദ്രാസ് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷക ആര്‍. വൈഗൈ എന്നിവരും വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.