ദുബായ്: റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഞായറാഴ്ച (ഒക്ടോബര്‍ 11) ദുബായ്, അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തു.
റിയാദ്, ജിദ്ദ, ദമ്മാം, അബഹ എന്നിവയുള്‍പ്പെടെ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകളെയാണ് പ്രധാനമായും ബാധിച്ചത്. മറ്റ് പ്രാദേശിക, അന്താരാഷ്ട്ര റൂട്ടുകളിലും തടസ്സങ്ങളുണ്ടായി.
ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) അറിയിച്ചു. നാശനഷ്ടങ്ങളും സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മരിച്ചവരിലും പരുക്കേറ്റവരിലും സൗദി പൗരന്മാര്‍ക്കു പുറമേ ബംഗ്ലദേശ്, യുഎസ്, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, പലസ്തീന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരുമുണ്ട്.
ദമ്മാം, മദീന, ഗസ്സീം, ജിസാന്‍, തബൂക്ക്, തായിഫ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളെയും പ്രതിസന്ധി ബാധിച്ചു. ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകളുടെ പുതുക്കിയ വിവരങ്ങള്‍ പരിശോധിക്കണമെന്നും ഫ്‌ലൈദുബായ് വിമാനമായ എഫ്ഇസഡ് 1073മായി ബന്ധപ്പെട്ട സുരക്ഷാ സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇറാനിയന്‍ വിമാനക്കമ്പനികളുടെ യുഎഇയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും തുടരും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാര്‍ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സമയവും നിലവിലെ സ്ഥിതിയും ഉറപ്പാക്കണം.
റിയാദ് വിമാനത്താവളത്തിലെ ആക്രമണം; യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
