ന്യൂഡൽഹി: ഡൽഹിയിലെ പൊലീസ് നടപടിയിൽ ഇടപെടലുമായി സുപ്രീംകോടതി. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജീവന് രക്ഷയും സ്വാതന്ത്ര്യവും ഒരു പോലെ പ്രധാനമാണ്. അത് പൗരനായാലും പൊലീസ് ഓഫീസറായാലും ഒരു പോലെയാണ്. എല്ലാ ഹർജികളും ഫയലിൽ സ്വീകരിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സംഭവത്തിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. ഡൽഹി പൊലീസും ഡിഎംആർസിയും റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചു. ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെയും പ്രതിഷേധക്കാരുടെയും സ്വതന്ത്രമായ സഞ്ചാരം തടസ്സപ്പെടുത്തരുത്. ഡൽഹിയിലുടനീളം സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി പരിസരത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, ഒരു അഭിഭാഷകനെയും അവരുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ നിന്നും തടയരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കോടതി നിർദ്ദേശം നൽകി.
പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വരുന്ന ചൊവ്വാഴ്ചയ്ക്കകം മറുപടി നൽകാൻ റെയിൽവേ അധികൃതരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധം തടയാനായി പൗരസ്വാതന്ത്ര്യം ഹനിക്കരുതെന്നും കോടതി പറഞ്ഞു. കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യം അതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഡൽഹി പൊലീസ് കമ്മിഷണറും റിപ്പോർട്ട് നൽകണം. നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ എന്ന് വിശദീകരിക്കണം. ഇൻറർനെറ്റ് നിരോധനം പാടില്ലെന്നും മറ്റന്നാൾ മറുപടി നൽകണമെന്നും കോടതി നിർദേശം നൽകി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഡൽഹിയിൽ സ്വതന്ത്ര സഞ്ചാരം പൂർണമായി പുനഃസ്ഥാപിക്കണമെന്നും ഡൽഹിയിൽ ഉടനീളം ഉള്ള ബാരിക്കേടുകൾ പിൻവലിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ് വേണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. സോളിസിറ്റർ ജനറലിനെ കൂടി കേട്ട ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; കപിൽ സിബൽ
പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി നിരന്തരം പരമോന്നത കോടതിയെ സമീപിച്ച് താൻ മടുത്തുവെന്നും സുപ്രീം കോടതിയിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിലെ ക്രമക്കേടുകൾക്കെതിരെയും ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയെ വീണ്ടും വീണ്ടും സമീപിക്കുന്നത് കൊണ്ട് ഇനി എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും വ്യക്തിപരമായ അഭിപ്രായമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ ചൂണ്ടിക്കാട്ടിയാണ് സിബൽ കോടതിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചത്. നിയമവിരുദ്ധമായി വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നതും അർഹതയില്ലാത്തവരെ ഉൾപ്പെടുത്തുന്നതും സംബന്ധിച്ച് സുപ്രീം കോടതിയെ മാസങ്ങളോളം വാദങ്ങളിലൂടെ ബോധ്യപ്പെടുത്തിയെങ്കിലും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ല. എന്നാൽ ബംഗാളിലെ അപ്പലേറ്റ് ട്രൈബ്യൂണലുകൾ പരിഗണിച്ച അപ്പീലുകളിൽ 93 ശതമാനം കേസുകളിലും വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിച്ചു നൽകിയതോടെ വലിയ തോതിൽ അനധികൃത നീക്കം ചെയ്യലുകൾ നടന്നിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമായ തെളിവുകളുണ്ടായിട്ടും പരമോന്നത കോടതി വിഷയത്തിൽ ഇടപെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടതിയിൽ പോയാലും ജനങ്ങൾക്ക് നീതി കിട്ടുമോയെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണെന്ന് സിബൽ ചൂണ്ടിക്കാട്ടി. നിലവിലെ സർക്കാർ മാറണമെന്ന് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഭരണഘടനയെ സംരക്ഷിക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ അത് സുപ്രീം കോടതിക്ക് മാത്രമാണ്. എന്നാൽ ഇനി അങ്ങോട്ട് പോയിട്ട് എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും എന്താണ് സംഭവിക്കേണ്ടത് അത് സംഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സമീപനത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന്, സംതൃപ്തനാണെന്നോ അതൃപ്തനാണെന്നോ പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തങ്ങൾ അഭിഭാഷകരാണ്, അനീതി കണ്ടാൽ കോടതി കേൾക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കാതെ ജനങ്ങളുടെ കേസുകൾ ഏറ്റെടുത്ത് ഹർജികൾ നൽകുക എന്നത് അഭിഭാഷകരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് മോഷണ ആരോപണങ്ങളിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണിക്കുകയാണുണ്ടായതെന്നും സിബൽ തുറന്നടിച്ചു.
‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
