സംഘർഷം തീരാതെ ഡൽഹി; വിദ്യാർഥികളെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ കാണാൻ ഇന്ത്യാ സഖ്യം

സംഘർഷം തീരാതെ ഡൽഹി; വിദ്യാർഥികളെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ കാണാൻ ഇന്ത്യാ സഖ്യം


ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധസമരത്തിൽ ഇന്നും ഡൽഹി സംഘർഷഭരിതം. തെരുവിലിറങ്ങിയ സിജെപി, ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കാൻ തുടങ്ങിയതോടെയാണ് സംഘർഷ സാഹചര്യമുണ്ടായത്. കൊണാട്ട് പ്ലേസിൽ സിജെപി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകൾ പ്രതിഷേധിച്ചു. ഇവരെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജിക്ക് സമരത്തിനിടെ പരിക്ക് പറ്റി. ആദർശിൻ്റെ നെറ്റി പൊട്ടി പരിക്ക് പറ്റിയെന്നാണ് വിവരം. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്കിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധിച്ച ജോണ്‍ ബ്രിട്ടാസ് എംപിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റി. വഴിയിൽ ഇറക്കിവിട്ടു. പൊലീസ് വാഹനത്തിൽ വെച്ച് മർദ്ദനമേറ്റതായി ബ്രിട്ടാസ് പ്രതികരിച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെയും തടയാൻ ശ്രമമുണ്ടായി.

വിദ്യാർഥികളുടെ വസ്‌ത്രം വലിച്ച് കീറിയും നേതാക്കളെ തൂക്കിയെടുത്ത് വാഹനത്തിൽ കയറ്റി പൊലീസ്. തറയിൽ വിലിച്ചിഴച്ചും മർദ്ദിച്ചും പൊലീസിൻ്റെ നടപടി. ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കടുക്കുന്നു. ഡൽഹിയിൽ നാടകീയ രംഗങ്ങള്‍. ഇടത് നേതാക്കളുടെ മാർച്ചിലാണ് സംഘർഷം രൂക്ഷമായത്. ഐസയുടെ പ്രതിഷേധം കടുക്കുകയാണ്. കേരളത്തിൽ നിന്നടക്കമുള്ള കുട്ടികളാണ് പ്രതിഷേധ മുഖത്തുള്ളത്. ഐസയുടെ പ്രതിഷേധത്തിനിടെ മാറി നിന്ന വിദ്യാർഥികളെയടക്കം തൂക്കിയെടുക്ക് വാഹനത്തിൽ കയറ്റി പൊലീസ്. 

സിജെപി ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത പൊലീസ് സന്നാഹമാണ് ഡല്‍ഹിയില്‍ സജ്ജമാക്കിയത്. പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കണ്ട് ഡല്‍ഹി നഗരത്തില്‍ 30,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. കൂടാതെ ആര്‍എഎഫ് അര്‍ദ്ധസൈനിക വിഭാഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. അക്ബര്‍ റോഡ്, ജനപഥ് മാര്‍ഗ് തുടങ്ങിയ പ്രധാന പാതകളില്‍ സുരക്ഷ ശക്തമാക്കി. കടുത്ത പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങളെയും ആളുകളെയും കടത്തിവിടുന്നത്. ജന്തര്‍ മന്തറിലേക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുമുണ്ട്.

അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നാളെ മുതല്‍ വീണ്ടും ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം. സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തി നിവേദനം നല്‍കാനാണ് ആലോചന. സിജെപിയുടെ സമരം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്താനാകും ഇനിയുള്ള പ്രതിപക്ഷ ശ്രമം. സിജെപിക്കൊപ്പവും ഇന്ത്യ സഖ്യത്തിനൊപ്പവും പ്രതിഷേധ നിരയിലുണ്ടാകുമെന്ന് സിപിഎം വ്യക്തമാക്കി.

അകാശവാണി ഭവന്‍ വളപ്പിലെ മിന്നല്‍ സമരം, ലഞ്ച് മീറ്റിംഗുകള്‍ക്ക് ശേഷം ജന്തര്‍മന്തറിലേക്ക് നടത്തിയ പ്രതിഷേധവും, രാജ് ഘട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗം, രാഷ്ട്രപതിക്ക് നിവേദനം. ശേഷം അടുത്ത ഘട്ടം സമരത്തിലേക്ക് ഇന്ത്യ സഖ്യം കടക്കുകയാണ്. നാളെ ഉച്ചക്ക് ഒരു മണിക്കാണ് യോഗം. ലഞ്ച് മീറ്റിംഗികാനാണ് സാധ്യത. തുടര്‍ന്ന് സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് നീക്കം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനും നല്‍കിയതിനൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടും സമാന ആവശ്യം ഉന്നയിക്കാനാണ് നീക്കം. അനുമതി കിട്ടുമയോന്നതില്‍ വ്യക്തതയില്ല. എങ്കിലും നഗരം സ്തംഭിപ്പിച്ച് പ്രതിഷേധിക്കും. രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും, ഗ്യാനേഷ് കുമാര്‍ രാജി വച്ചേ പിന്നോട്ടുള്ളൂവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിനെത്തിയപ്പോള്‍ കരുതല്‍ അറസ്റ്റിലായ സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ വിട്ടയച്ചു. ഇന്നലെ അറസ്റ്റിലായ മൂവരെയും ഞായറാഴ്ച രാവിലെ ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷത്തേക്ക് ക്രമസമാധാനം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത് എന്ന നിബന്ധനയോടെയാണ് കോടതി മൂവരെയും മോചിപ്പിച്ചത്. 

ഒരു വര്‍ഷത്തേക്ക് 'സമാധാനം ലംഘിക്കരുത്' എന്ന വ്യവസ്ഥയിലാണ് മൂന്നു നേതാക്കളെയും വിട്ടയച്ചതെന്ന് സിജെപി നിയമകാര്യ മേധാവി രത്‌ന സിങ് അറിയിച്ചു. ശനിയാഴ്ച ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കായി എത്തിയ അഭിജിത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ, വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ നിന്നാണ് മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബിഎന്‍എസ്എസ് സെക്ഷന്‍ 126 (സമാധാനം നിലനിര്‍ത്തുന്നതിനുള്ള സുരക്ഷ), 170 (കോഗ്‌നിസബിള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള അറസ്റ്റ്) എന്നിവയാണ് സിജെപി നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയിരുന്നത്. ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്നലെ നടന്ന പ്രതിഷേധങ്ങളില്‍ 7000 ഓളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. കരുതല്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ ധ്രു റാഠിയെയും രാവിലെ പൊലീസ് വീട്ടയച്ചിരുന്നു.

മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നു‌: സിജെപി നേതാക്കൾ

നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്നും കഴിഞ്ഞ മണിക്കൂറുകൾ ഏകാധിപത്യത്തിൻ്റേത് ആയിരുന്നുവെന്നും സിജെപി നേതാക്കൾ. സമാധാന പ്രതിഷേധത്തിന് വന്നവരെ ക്രൂരമായി മർദിച്ചു. അടിയന്തരാവസ്ഥയെ കുറിച്ച് നമ്മൾ കേട്ടതിനേക്കാൾ വലുത് ഇവിടെ നടന്നു. അതിനെ പോലും മോദി മറികടന്നു. ഇതുവരെ കാണാത്ത കാഴ്ചകളാണ് രാജ്യം കാണുന്നത്. മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നുവെന്നും സിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിജെപി കോ കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ്, ലീഗൽ ഹെഡ് രത്ന സിങ്, പോളിസി ലീഡ് മെഹർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണമായി കീഴടങ്ങിയിരിക്കുകയാണ്. വിമാനത്തിൽ കയറി തങ്ങളെ തട്ടിക്കൊണ്ടുപോയതാണ്. അഭിജിത്തിൻ്റെ മുത്തശ്ശി മരിച്ചതാണ്, അത് അറിയിക്കുമ്പോൾ പോലും പൊലീസ് മോശമായി പെരുമാറി. മാതാപിതാക്കളോട് സംസാരിക്കാൻ പോലും അപ്പോൾ അനുവദിച്ചില്ല. ഈ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂ. മോദിയും ഷായും തലകുനിക്കണം. മോദി അമ്മയുടെ മരണം ഇവൻ്റ് ആക്കിയപോലെ അഭിജിത് ചെയ്യില്ല. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണെന്നും സൗരവ് ദാസ് പറഞ്ഞു.

ജനങ്ങളോട് യുദ്ധം ചെയ്യുന്ന സാഹചര്യമാണ്. എല്ലാം അടച്ചിട്ട് ജനങ്ങളെ സമരത്തിന് എതിരാക്കാനാണ് ശ്രമം. എന്നാൽ അത് നടക്കില്ല. വിമാനത്തിൽ സ്റ്റെയർ കേസ് കണക്ട് ചെയ്യുന്നതിന് മുൻപേ പൊലീസ് അതിന് മുകളിൽ ഉണ്ട്. വിജയ് മല്യയെ വിമാനത്തിൽ രക്ഷപ്പെടാൻ സഹായിച്ചവർ ആണിത്. വനിതാ പൊലീസിനെ ഉപയോഗിച്ചാണ് ഫോൺ പിടിച്ചെടുത്തത്. ചട്ടം പാലിച്ചില്ല. ഭരണഘടന നൽകുന്ന അടിസ്ഥാന അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു. തങ്ങളുടെ ഫോൺ ഉപയോഗിച്ച് ഇവർ എന്തൊക്കെ ചെയ്യും എന്ന് ആശങ്കയുണ്ട്. നേരത്തെ ആക്ടിവിസ്റ്റുകളുടെ ഗഡ്ജറ്റുകളിൽ ചെയ്തത് പോലെ എന്തെങ്കിലും ചെയ്തോ എന്ന് ആശങ്കയുണ്ട്. ഹാഷ് വാല്യൂ ഉള്ള സീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും സൗരവ് ദാസ് പറഞ്ഞു.

'ഞാൻ ഇന്ത്യൻ പൗരനാണ്, വീട്ടിൽ കയറി തട്ടിക്കൊണ്ടുപോകുകയായിരുന്നു'; ധ്രുവ് റാഠി

യൂണിഫോമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഉറങ്ങിക്കിടന്ന തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ധ്രുവ് റാഠി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഇരുപതോളം ആളുകൾ അമ്മയെ തള്ളിമാറ്റി വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നും കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെയാണ് പെരുമാറിയതെന്നും ധ്രുവ് റാഠി പറഞ്ഞു. താൻ ഇന്ത്യൻ പൗരനാണെന്ന് പാസ്പോ‍ട്ട് ഉയർ‌ത്തിക്കാട്ടി ധ്രുവ് റാഠി വിശദീകരിച്ചു. സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുന്നോടിയായി ശനിയാഴ്ച രാവിലെ ഗുരുഗ്രാമിലെ വീട്ടിൽ നിന്നാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ധ്രുവ് റാഠി പറയുന്നു. ഇരുപതോളം ആളുകൾ അമ്മയെ തള്ളിമാറ്റി വീടിനകത്തേക്ക് അതിക്രമിച്ചു കയറി. എത്തിയത് പൊലീസുകാരല്ലായിരുന്നു. സാധാരണ വസ്ത്രം ധരിച്ച ആളുകളായിരുന്നു. താൻ പ്രതികരിക്കും മുമ്പ് തന്നെ അക്ഷരാർത്ഥത്തിൽ തട്ടിക്കൊണ്ടുപോയി. ഇതൊരു അറസ്റ്റോ തടങ്കലോ അല്ലാത്തതിനാലാണ് 'തട്ടിക്കൊണ്ടുപോയി' എന്ന വാക്ക് ഉപയോഗിക്കുന്നത്. പൊലീസുകാർ യൂണിഫോമിൽ എത്തിയിരുന്നെങ്കിൽ സന്തോഷത്തോടെ പോകുമായിരുന്നു. അതാണ് നിയമപരമായ അറസ്റ്റ്. വീടിന് പുറത്ത് അമ്പതിലധികം ഗുണ്ടകൾ തമ്പടിച്ചിരുന്നതായി അറിഞ്ഞുവെന്നും ധ്രുവ് റാഠി വീഡ‍ിയോയിൽ വ്യക്തമാക്കി.

അറസ്റ്റ് ചെയ്തത് മുൻകരുതൽ നടപടിയെന്ന് ഡൽഹി പോലീസ്

കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമാണെന്ന് ദില്ലി പോലീസ്. അറസ്റ്റിലായ നേതാക്കളെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെന്നും പോലീസ് അറിയിച്ചു. 50,000 രൂപ കെട്ടിവെക്കണമെന്നും, അടുത്ത ഒരു വർഷത്തേക്ക് നല്ല നടപ്പും സമാധാനം പാലിക്കണമെന്നുമുള്ള കർശന വ്യവസ്ഥയിലാണ് സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർക്ക് ജാമ്യം അനുവദിച്ചത്.