പോളിഷ് പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും നേരെ വധഭീഷണി

പോളിഷ് പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും നേരെ വധഭീഷണി


വാര്‍സോ: പോളണ്ടിന്റെ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിനും പ്രതിരോധ മന്ത്രി വ്‌ളാദിസ്ലാവ് കോസിനിയാക്- കമിഷിനും നേരെ വധശ്രമത്തിന് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ അടിയന്തര യോഗം ചേര്‍ന്നു. പൊലീസിന് ലഭിച്ച മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തി.

പൊലീസ്, സ്റ്റേറ്റ് പ്രൊട്ടക്ഷന്‍ സര്‍വീസ് (എസ് ഒ പി), ആഭ്യന്തര സുരക്ഷാ ഏജന്‍സി എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ലഭിച്ച വിവരങ്ങളുടെ ഗൗരവം വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായിരുന്നു യോഗം.

പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിനും ഉപപ്രധാനമന്ത്രിയും ദേശീയ പ്രതിരോധ മന്ത്രിയുമായ വ്‌ലാദിസ്ലാവ് കോസിനിയാക്- കമിഷിനും നേരെ വധശ്രമത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് സ്റ്റേറ്റ് പ്രൊട്ടക്ഷന്‍ സര്‍വീസ് വഴിയാണ് പൊലീസിന് ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കരോലിന ഗലേരസമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇരുനേതാക്കള്‍ക്കെതിരായേക്കാവുന്ന ആക്രമണത്തെക്കുറിച്ച് പൊലീസിന് ലഭിച്ച വിവരങ്ങളില്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും അവര്‍ വ്യക്തമാക്കി.

വിഷയം അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പ്രത്യേക സേവനങ്ങളുടെ ചുമതലയുള്ള മന്ത്രിയുടെ വക്താവ് യാസെക് ഡോബ്രിന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു.

പോളണ്ടിനും രാജ്യത്തെ പൗരന്മാര്‍ക്കുമെതിരെ ഉയരുന്ന ഭീഷണികള്‍ വര്‍ധിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

'മാസംതോറും വര്‍ഷംതോറും പോളണ്ടിനും പോളിഷ് പൗരന്മാര്‍ക്കുമെതിരെ വിവിധ തരത്തിലുള്ള ഭീഷണികളും ഭയപ്പെടുത്തുന്ന സന്ദേശങ്ങളും പൊലീസിനും സ്റ്റേറ്റ് പ്രൊട്ടക്ഷന്‍ സര്‍വീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

'ഈ സാഹചര്യത്തില്‍, ഭീഷണികള്‍ യഥാര്‍ഥത്തില്‍ നടപ്പാക്കപ്പെടാനുള്ള സാധ്യത ശക്തമാണെന്നാണ് വിലയിരുത്തുന്നത്'- ഡോബ്രിന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പോളണ്ടില്‍ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. അക്രമസംഭവങ്ങളെ പ്രധാനമന്ത്രി ടസ്‌ക് അപലപിക്കുകയും അവയെ അക്രമത്തിന്റെ ആരാധന എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

സംശയിക്കപ്പെടുന്ന വധശ്രമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളോ ആക്രമണത്തിന് പദ്ധതിയിട്ടതായി സംശയിക്കുന്ന വ്യക്തികളുടെ വിവരങ്ങളോ അധികൃതര്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.