ഇന്ത്യയ്ക്ക് എഫ്35 വിൽക്കാൻ ഔദ്യോഗിക വാഗ്ദാനമില്ല; റഷ്യയുടെ എസ്‌യു57 പരിഗണിക്കുന്നതിലും തീരുമാനമായില്ലെന്ന് വ്യോമസേനാ മേധാവി

ഇന്ത്യയ്ക്ക് എഫ്35 വിൽക്കാൻ ഔദ്യോഗിക വാഗ്ദാനമില്ല; റഷ്യയുടെ എസ്‌യു57 പരിഗണിക്കുന്നതിലും തീരുമാനമായില്ലെന്ന് വ്യോമസേനാ മേധാവി


ജോധ്പുർ: അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്35 വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് ഔദ്യോഗിക വാഗ്ദാനമൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്. റഷ്യയുടെ എസ്‌യു57 യുദ്ധവിമാനം വിലയിരുത്തണോ എന്ന കാര്യത്തിലും കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ 'തരംഗ് ശക്തി 2026'ന്റെ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച ജോധ്പുരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലേക്ക് എഫ്35 യുദ്ധവിമാനങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ഞങ്ങൾക്ക് ഔദ്യോഗിക വാഗ്ദാനമൊന്നും ലഭിച്ചിട്ടില്ല. നിങ്ങളുടെ ആളുകൾ ഞങ്ങളെ ആ വിമാനത്തിന്റെ അടുത്തുപോലും പോകാൻ അനുവദിക്കുന്നില്ല; എന്നിട്ടാണ് അത് വിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്,' എന്നായിരുന്നു അമേരിക്കൻ വ്യോമസേനയുടെ പസഫിക് വ്യോമസേനാ കമാൻഡറുടെ സാന്നിധ്യത്തിൽ എ.പി. സിങ്ങിന്റെ പ്രതികരണം.

എസ്‌യു57 സംബന്ധിച്ചും തീരുമാനമായില്ല

റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്‌യു57 ഇന്ത്യയ്ക്ക് വിൽക്കാനുള്ള വാഗ്ദാനം ലഭിച്ചതായി വ്യോമസേനാ മേധാവി സ്ഥിരീകരിച്ചു. എന്നാൽ വിമാനം സാങ്കേതികമായി വിലയിരുത്തണമോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനമറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ തീരുമാനം ലഭിച്ചശേഷം എസ്‌യു57 ഇന്ത്യയുടെ ആവശ്യകതകൾ എത്രത്തോളം നിറവേറ്റുന്നുവെന്ന് പരിശോധിക്കുമെന്നും എ.പി. സിങ് വ്യക്തമാക്കി.

ഇന്ത്യയുടെ ഭാവിയിലെ യുദ്ധവിമാനശേഷി ശക്തിപ്പെടുത്തുന്നതിനായി വിദേശവിമാനങ്ങൾ പരിഗണിക്കുന്നതിനൊപ്പം തദ്ദേശീയമായ അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത വർധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിലെ വ്യോമസേനകൾ പങ്കെടുത്ത തരംഗ് ശക്തി2026 വ്യോമാഭ്യാസം വിവിധ രാജ്യങ്ങളുടെ സേനകൾ തമ്മിലുള്ള പ്രവർത്തന ഏകോപനവും പ്രൊഫഷണൽ അനുഭവങ്ങളുടെ കൈമാറ്റവും ലക്ഷ്യമിട്ടായിരുന്നു സംഘടിപ്പിച്ചത്. ഭാവിയിൽ ആവശ്യമായ യുദ്ധവിമാനങ്ങൾ സംബന്ധിച്ച ഇന്ത്യയുടെ വിലയിരുത്തലുകൾക്കിടെയാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം.