ടെന്നസി: അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ വധശിക്ഷാ തടവുകാരി ക്രിസ്റ്റ പൈക്ക് ആശുപത്രി വിട്ട് ജയിലിൽ തിരിച്ചെത്തി. വധശിക്ഷയ്ക്കായി നൽകിയ പെന്റോബാർബിറ്റൽ എന്ന മരുന്നിന്റെ രണ്ട് ഡോസുകൾ അതിജീവിച്ച പൈക്കിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി അഭിഭാഷകർ അറിയിച്ചു.
സെപ്തംബർ 30നായിരുന്നു വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൈക്കിനെ ഡിസ്ചാർജ് ചെയ്തതായും ഡെബോറ കെ. ജോൺസൺ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് തിരിച്ചയച്ചതായും അഭിഭാഷകസംഘം സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ 30 വർഷത്തിലേറെയായി ഇവരെ പാർപ്പിച്ചിരുന്നത് ഈ ജയിലിലാണ്.
പൈക്കിന് ജയിലിൽ തുടർന്നും ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യനിലയിലെ പുരോഗതി നിരീക്ഷിക്കുമെന്നും അഭിഭാഷകർ അറിയിച്ചു. എന്നാൽ ആശുപത്രി വിട്ട തീയതിയോ ആരോഗ്യപ്രശ്‌നങ്ങളിൽനിന്ന് പൂർണമായി മോചിതയായോ എന്ന കാര്യത്തിലോ വ്യക്തത നൽകിയിട്ടില്ല. ന്യുമോണിയ, രക്തം കട്ടപിടിക്കൽ, കൈകളിലേറ്റ പരിക്കുകൾ തുടങ്ങിയ സങ്കീർണതകൾ നേരിടുന്നതായി നേരത്തെ അഭിഭാഷകർ അറിയിച്ചിരുന്നു.
ആശുപത്രിയിൽ കഴിയുന്നതിനിടെ പൈക്ക് മുറിക്കുള്ളിൽ നടക്കാൻ തുടങ്ങിയിരുന്നെങ്കിലും കൈകളിലെ പരിക്കുകളും ഓർമക്കേടും തുടരുകയാണെന്ന് അഭിഭാഷകൻ സ്റ്റീഫൻ ഫെറൽ ബിബിസി റേഡിയോ 4നോട് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെ പൈക്കിന് മസ്തിഷ്‌കമരണം സംഭവിച്ചിരിക്കാമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ അടുത്ത ദിവസം രാവിലെ അപ്രതീക്ഷിതമായി ബോധം വീണ്ടെടുത്തെന്നും അഭിഭാഷകർ വ്യക്തമാക്കി.
1995ൽ നോക്‌സ്‌വില്ലെയിൽ 19കാരിയായ കോളിൻ സ്ലെമ്മറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്.
വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. വധശിക്ഷാ ശ്രമവുമായി ബന്ധപ്പെട്ട ഭൗതികവും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ തെളിവുകൾ സംരക്ഷിക്കണമെന്ന് ടെന്നസി ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസിനോട് കോടതി ഉത്തരവിട്ടു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ 2026ന്റെ ശേഷിക്കുന്ന കാലയളവിൽ വധശിക്ഷകൾ നിർത്തിവെക്കുന്നതായി ടെന്നസി ഗവർണർ ബിൽ ലീ പ്രഖ്യാപിച്ചു. പൈക്കിന്റെ വധശിക്ഷ നടപ്പാക്കാൻ സംസ്ഥാന സർക്കാർ വീണ്ടും ശ്രമിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
വധശിക്ഷയ്ക്കുള്ള വിഷമരുന്ന് കുത്തിവെപ്പ് പരാജയപ്പെട്ട ക്രിസ്റ്റ പൈക്ക് ആശുപത്രി വിട്ട് ജയിലിൽ തിരിച്ചെത്തി
