ന്യൂഡൽഹി: അമേരിക്കയിലെ ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള പ്രധാന തൊഴിൽ സർട്ടിഫിക്കേഷൻ പദ്ധതിയായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) താൽക്കാലികമായി നിർത്തിവെച്ച നടപടി ഇന്ത്യൻ ഐടി കമ്പനികളെ സമീപകാലത്ത് കാര്യമായി ബാധിക്കാനിടയില്ലെന്ന് വിപണി വിശകലന വിദഗ്ധർ. അമേരിക്കയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് എച്ച്1ബി വിസയെ ആശ്രയിക്കുന്നത് ഇന്ത്യൻ ഐടി കമ്പനികൾ സമീപവർഷങ്ങളിൽ കുറച്ചതും പ്രാദേശിക നിയമനങ്ങൾ വർധിപ്പിച്ചതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വിദേശത്ത് ജനിച്ചവരുടെ അമേരിക്കയിലെ താമസവും പൗരത്വത്തിലേക്കുള്ള വഴിയും നിയന്ത്രിക്കാനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും അമേരിക്കയും പങ്കിടുന്ന ലക്ഷ്യങ്ങൾക്ക് ഈ നടപടികൾ സഹായകരമല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കയിലെ ഇന്ത്യൻ പ്രൊഫഷണലുകൾ ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ളവരാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും നവീകരണ മേഖലയ്ക്കും വലിയ സംഭാവന നൽകുന്നവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ തൊഴിലാളികളെ മാറ്റിനിർത്തി വിദേശികളെ നിയമിക്കാനും വേതനം കുറയ്ക്കാനും കമ്പനികൾ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പദ്ധതി ഉപയോഗിക്കുന്നുവെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആരോപിച്ചിരുന്നു. എന്നാൽ ഇതിന് പ്രത്യേക തെളിവുകൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നില്ല.
2024 ഒക്ടോബർ മുതൽ 2025 സെ്ര്രപംബർ വരെയുള്ള കാലയളവിൽ സമർപ്പിച്ച പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ അപേക്ഷകളിൽ ഇന്ത്യൻ ഐടി കമ്പനികളുടെ പങ്ക് രണ്ട് ശതമാനത്തിൽ താഴെയായിരുന്നുവെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കി. അതിനാൽ ഉടനടി വരുമാനത്തെ ബാധിക്കുന്നതിനെക്കാൾ വിപണിയിലെ ആശങ്കയും ദീർഘകാലം ജീവനക്കാരെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് കമ്പനികൾ നേരിടാൻ സാധ്യതയെന്നും ബ്രോക്കറേജ് വിലയിരുത്തി.
എച്ച്1ബി വിസയിൽനിന്ന് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ വഴി സ്ഥിരതാമസത്തിലേക്ക് മാറുന്ന ജീവനക്കാരുടെ എണ്ണം താരതമ്യേന കുറവാണെന്ന് ഇന്ത്യൻ ഐടി വ്യവസായ സംഘടനയായ നാസ്‌കോം അറിയിച്ചു. അമേരിക്കയിലെ പ്രാദേശിക നിയമനങ്ങൾ വർധിപ്പിച്ചതോടെ എച്ച്1ബി വിസകളോടുള്ള ആശ്രിതത്വം കമ്പനികൾ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
മൈക്രോസോഫ്റ്റ്, കോഗ്‌നിസന്റ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്), വിപ്രോ, എച്ച്.സി.എൽ ടെക്‌നോളജീസ്, ക്യാപ്‌ജെമിനി തുടങ്ങിയ കമ്പനികളെ പുതിയ നിയന്ത്രണം ബാധിക്കാം. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട അപേക്ഷകൾ ഒറ്റയക്കത്തിൽ മാത്രമായിരുന്നുവെന്നും പുതിയ നടപടി ജീവനക്കാരെ സംബന്ധിച്ച തന്ത്രത്തെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ടി.സി.എസ് അറിയിച്ചു.
വിപണിയിൽ അനിശ്ചിതത്വം
അമേരിക്കൻ നിയന്ത്രണനീക്കം ഇന്ത്യൻ ഐടി ഓഹരികൾക്ക് സമീപമധ്യകാലയളവിൽ പ്രതികൂലമാകാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തിയെങ്കിലും, വെള്ളിയാഴ്ച ഐടി ഓഹരികൾ നേട്ടത്തിലായിരുന്നു. രണ്ടാം പാദത്തിലെ മികച്ച ഫലങ്ങൾ പുറത്തുവിട്ട ടി.സി.എസ് ഓഹരിയുടെ മുന്നേറ്റത്തിന്റെ പിന്തുണയോടെ ഐടി സൂചിക ഏകദേശം മൂന്ന് ശതമാനം ഉയർന്നു. ആറാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ ഏകദിന ശതമാന നേട്ടമാണ് സൂചികയും ടി.സി.എസും രേഖപ്പെടുത്തിയത്.
അതേസമയം, നിർമിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ വളർച്ച ഇന്ത്യൻ ഐടി മേഖലയ്ക്ക് സൃഷ്ടിക്കുന്ന മാറ്റങ്ങൾക്കിടെയാണ് പുതിയ നിയന്ത്രണനീക്കം. 315 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഐടി വ്യവസായത്തിന്റെ വരുമാനത്തിൽ വലിയ പങ്കും അമേരിക്കൻ വിപണിയിൽനിന്നാണ്. എച്ച്1ബി വിസയ്ക്കുള്ള ഫീസ് ട്രംപ് ഭരണകൂടം വർധിപ്പിച്ചതിനു പിന്നാലെയാണ് ഗ്രീൻ കാർഡ് നടപടികളിലെ നിയന്ത്രണവും വന്നിരിക്കുന്നത്.
ഈ വർഷം ഇന്ത്യൻ ഐടി ഓഹരികൾ ഏകദേശം 25 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇതേ കാലയളവിൽ പ്രധാന വിപണി സൂചിക 14 ശതമാനം താഴ്ന്നു. പുതിയ നിയന്ത്രണം നിയമനച്ചെലവും നിയമപാലനച്ചെലവും വർധിപ്പിക്കാനും ലാഭവിഹിതത്തെ സമ്മർദത്തിലാക്കാനും സാധ്യതയുണ്ടെന്ന് ബജാജ് ബ്രോക്കിങ്ങിലെ ഗവേഷണ മേധാവി സുമിത് സിംഘാനിയ പറഞ്ഞു.
അതിനാൽ ഉടനടി വലിയ വരുമാനനഷ്ടം പ്രതീക്ഷിക്കുന്നില്ലെങ്കിലും, അമേരിക്കൻ വിപണിയെ ആശ്രയിക്കുന്ന ഇന്ത്യൻ ഐടി കമ്പനികൾക്ക് ജീവനക്കാരെ നിലനിർത്തൽ, നിയമനച്ചെലവ്, നിയന്ത്രണങ്ങളിലെ അനിശ്ചിതത്വം എന്നിവ പ്രധാന വെല്ലുവിളികളായി തുടരുമെന്നാണ് വിലയിരുത്തൽ.
യുഎസ് ഗ്രീൻ കാർഡ് നിയന്ത്രണം ഇന്ത്യൻ ഐടി മേഖലയെ ഉടൻ ബാധിക്കില്ലെന്ന് വിലയിരുത്തൽ
