ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ പതിയിരുന്നുള്ള ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥന് 12 തവണ വെടിയേറ്റു. വെസ്റ്റ് ഫിലാഡൽഫിയയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ആക്രമണം നടത്തിയ തോക്കുധാരിയെ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു.
വീടിന്റെ പൂമുഖത്ത് പതിയിരുന്ന അക്രമി പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴും ഇയാൾ വെടിവയ്പ് തുടർന്നതായി പൊലീസ് അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ ഷെയ്ൻ സൈബർ (40) ആണെന്ന് ഫിലാഡൽഫിയ പൊലീസ് കമ്മീഷണർ കെവിൻ ജെ. ബെഥൽ അറിയിച്ചു. പത്തുവർഷമായി പൊലീസ് സേനയിൽ സേവനമനുഷ്ഠിച്ചിരുന്ന സൈബറിന് ഏഴുവയസ്സുള്ള മകനും മൂന്നുവയസ്സുള്ള മകളുമുണ്ട്.
ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ ഉദ്യോഗസ്ഥന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വെടിയേറ്റ സൈബറിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. മരിക്കുന്നതിന് മുമ്പ് ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ അരികിലെത്താൻ കഴിഞ്ഞതായും ബെഥൽ അറിയിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലവും പ്രതിയുടെ ലക്ഷ്യവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഫിലാഡൽഫിയയിൽ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ പതിയിരുന്ന് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മറ്റൊരാൾക്ക് 12 വെടിയേറ്റു
