പ്രോബ 3 ദൗത്യ പേടകത്തിന്റെ വിക്ഷേപണം മാറ്റി

പ്രോബ 3 ദൗത്യ പേടകത്തിന്റെ വിക്ഷേപണം മാറ്റി


ശ്രീഹരിക്കോട്ട: സൂര്യന്റെ പുറംപാളിയെക്കുറിച്ച് പഠിക്കാനുളള യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ 3 ദൗത്യ പേടകത്തിന്റെ വിക്ഷേപണം മാറ്റിവെച്ചു. റോക്കറ്റിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് വിക്ഷേപണം മാറ്റിയത്. 

പി എസ് എല്‍ വി -സി 59 ന്റെ സഹായത്തോടെയായിരുന്നു ഉച്ചയ്ക്ക് 3.12 ഓടെ വിക്ഷേപണത്തിന് ശ്രമിച്ചത്. എന്നാല്‍ ഐഎസ്ആര്‍ഒ റോക്കറ്റിലെ തകരാര്‍ കണ്ടത്തിയതോടെ വിക്ഷേപണം മാറ്റി വെക്കുകയായിരുന്നു. 4.08ന് ആയിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും ഒരു മണിക്കൂര്‍ മുന്‍പായാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. സാങ്കേതിക തകരാര്‍ പരിഹരിച്ച് വ്യാഴാഴ്ച വൈകിട്ട് 4.12ന് വിക്ഷേപണം നടത്തും.

സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചു മറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച് പഠിക്കുന്നതിനാണ് പ്രോബ 3 പേടകം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 59 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. രണ്ട് ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ. ഒക്യുല്‍റ്റര്‍, കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങള്‍. 550 കിലോയാണ് ഈ ഉപഗ്രഹങ്ങളുടെ ഭാരം.