കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടി എം സി) വിഭാഗം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എട്ട് പ്രമുഖ നേതാക്കളെ പുറത്താക്കി. കൊല്‍ക്കത്ത മുന്‍ മേയറും എം എല്‍ എയുമായ ഫിര്‍ഹാദ് ഹകീം, ജാവേദ് അഹമ്മദ് ഖാന്‍, സബീന യാസ്മിന്‍, അരൂപ് റോയ്, രതിന് ഘോഷ്, ബിപ്ലബ് മിത്ര, അരൂപ് ബിശ്വാസ്, സ്‌നേഹാശിഷ് ചക്രവര്‍ത്തി എന്നിവരാണ് പുറത്താക്കപ്പെട്ടത്.
മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായും അഭിഷേക് ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്തതായും വിമത വിഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പുമായി ചേര്‍ന്നവരാണ് പുറത്താക്കപ്പെട്ട നേതാക്കള്‍.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഈ നേതാക്കള്‍ക്ക് അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് (എ ഐ ടി സി) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് മമത ബാനര്‍ജി വിഭാഗം ഇവരെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു.
മമത ബാനര്‍ജിയെ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാനുള്ള പട്ടികയും മമത വിഭാഗം തയ്യാറാക്കി. സുബ്രത ബക്ഷിയെ വൈസ് പ്രസിഡന്റായും അഭിഷേക് ബാനര്‍ജിയെ ദേശീയ ജനറല്‍ സെക്രട്ടറിയും ലോക്സഭാ നേതാവായും ഡെറക് ഒബ്രിയനെ ജോയിന്റ് സെക്രട്ടറിയും രാജ്യസഭാ നേതാവായും ഡോളാ സെന്നിനെ ജോയിന്റ് സെക്രട്ടറിയായും സുഭാഷിഷ് ചക്രവര്‍ത്തിയെ ട്രഷററായും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം തങ്ങളാണ് 'യഥാര്‍ഥ തൃണമൂല്‍' എന്ന് അവകാശപ്പെടുകയും തങ്ങളുടെ അവകാശവാദം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
വിമത വിഭാഗം 30 അംഗ ദേശീയ പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു. മമത ബാനര്‍ജി പാര്‍ട്ടിയുടെ ഉപദേശകയും മാര്‍ഗദര്‍ശകയുമായി തുടരണമെന്ന് ആഗ്രഹിക്കുന്നതായും റിതബ്രത ബാനര്‍ജി പറഞ്ഞു.
എം എല്‍ എ അരൂപ് റോയിയെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്ത വിമത വിഭാഗം മുന്‍ മന്ത്രി അരൂപ് ബിശ്വാസിനെയും എം എല്‍ എമാരായ ഫിര്‍ഹാദ് ഹകീം, രതിന് ഘോഷ്, സബീന യാസ്മിന്‍ എന്നിവരെയും വൈസ് ചെയര്‍പേഴ്‌സണ്‍മാരായി നിയമിച്ചു. ജില്ലാതല കമ്മിറ്റികളും ഉടന്‍ രൂപീകരിക്കുമെന്ന് റിതബ്രത അറിയിച്ചു.
ടി എം സിയുടെ 80 നിയമസഭാംഗങ്ങളില്‍ കുറഞ്ഞത് 60 പേരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. കൂടാതെ, പാര്‍ട്ടിയുടെ 28 ലോക്സഭാ അംഗങ്ങളില്‍ 20 പേര്‍ ഇതിനകം പിളര്‍ന്ന് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന ചെറുപാര്‍ട്ടിയില്‍ ലയിച്ചതായും അവര്‍ അവകാശപ്പെടുന്നു.
