ജനീവ: ഗാസ യുദ്ധത്തിനിടയിലും അതിനുശേഷവും ഇസ്രയേല്‍ അധികൃതരും സുരക്ഷാസേനയും പാലസ്തീന്‍ കുട്ടികളെ മനഃപൂര്‍വം ലക്ഷ്യമിട്ടെന്നും ഇത് വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവയ്ക്ക് തുല്യമാണെന്നും ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ കുട്ടികള്‍ക്കെതിരെയും യുദ്ധക്കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ഒക്ടോബര്‍ 7ന് ഇസ്രയേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം പാലസ്തീന്‍ കുട്ടികള്‍ക്കെതിരായ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച അധിനിവേശ പാലസ്തീന്‍ പ്രദേശങ്ങളുമായി ബന്ധപ്പെട്ട യു എന്‍ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മിഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഗാസ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏകദേശം 30 ശതമാനവും കുട്ടികളാണെന്നും പാലസ്തീന്‍ കുട്ടികളെ ഇസ്രയേല്‍ അധികൃതരും സുരക്ഷാസേനയും മനഃപൂര്‍വം ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗാസയിലെ പാലസ്തീന്‍ ജനതയെ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കാനുള്ള വംശഹത്യാ ലക്ഷ്യത്തിന്റെ പ്രധാന തെളിവുകളിലൊന്നാണ് ഈ കൊലപാതകങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലസ്തീന്‍ കുട്ടികളെ ഇസ്രയേല്‍ സുരക്ഷാസേന മനഃപൂര്‍വം ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതായി തെളിവുകള്‍ വ്യക്തമാക്കുന്നുവെന്ന് അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ശ്രീനിവാസന്‍ മുരളീധര്‍ റിപ്പോര്‍ട്ടിനൊപ്പമുള്ള പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇസ്രയേല്‍ തള്ളി. ജനീവയിലെ ഇസ്രയേല്‍ ദൗത്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇത് അന്വേഷണ കമ്മിഷന്റെ രണ്ടാമത്തെ അപകീര്‍ത്തികരമായ പ്രചാരണ റിപ്പോര്‍ട്ട് ആണെന്ന് വിശേഷിപ്പിച്ചു. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതവും അപവാദപരവുമാണെന്നും ഇസ്രയേല്‍ ആരോപിച്ചു.
ഓരോ കുട്ടിയും സംരക്ഷണത്തിന് അര്‍ഹരാണെങ്കിലും ഹമാസിന്റെ ക്രൂരമായ തന്ത്രങ്ങളെ റിപ്പോര്‍ട്ട് പൂര്‍ണമായും അവഗണിച്ചിരിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
കുട്ടികളെ മനഃപൂര്‍വം ലക്ഷ്യമിടുന്നുവെന്ന ആരോപണവും ഇസ്രയേല്‍ നിഷേധിച്ചു. സംഘര്‍ഷ സാഹചര്യങ്ങളിലും കുട്ടികള്‍ക്ക് ഉണ്ടാകുന്ന ദോഷം പരമാവധി കുറയ്ക്കാന്‍ ഇസ്രയേല്‍ സ്ഥിരമായി ശ്രമിച്ചുവരുന്നതായും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ജീവനക്കാരുടെ പ്രവേശനം, ഫീല്‍ഡ് ആശുപത്രികളുടെ സ്ഥാപനം തുടങ്ങിയ കാര്യങ്ങളില്‍ ഇസ്രയേല്‍ വഹിച്ച പങ്ക് റിപ്പോര്‍ട്ട് പരാമര്‍ശിച്ചിട്ടില്ലെന്നും ജനീവയിലെ ഇസ്രയേല്‍ ദൗത്യം ചൂണ്ടിക്കാട്ടി.
