കാനഡയില്‍ ആറു മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

കാനഡയില്‍ ആറു മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു


ഒട്ടാവ: വേനല്‍ക്കാല അവധിക്കുശേഷം പാര്‍ലമെന്റിലേക്ക് മടങ്ങില്ലെന്ന് അറിയിച്ച ആറു എം പിമാര്‍ രാജിയിലേക്ക് നീങ്ങുന്നതോടെ കാനഡയില്‍ ആറു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഈ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പുതിയ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതുവരെ ഹൗസ് ഓഫ് കോമണ്‍സിലെ പാര്‍ട്ടികളുടെ അംഗബലത്തില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിക്കും.

വേനല്‍ക്കാല അവധിക്കായി പാര്‍ലമെന്റ് പിരിഞ്ഞതിന് തൊട്ടുപിന്നാലെ വെള്ളിയാഴ്ച രണ്ട് എം പിമാര്‍ ഔദ്യോഗികമായി രാജിവെച്ചു. ലിബറല്‍ പാര്‍ട്ടിയുടെ ജോനാഥന്‍ വില്‍ക്കിന്‍സണ്‍ യൂറോപ്യന്‍ യൂണിയനിലെ കാനഡയുടെ അംബാസഡറായി ബ്രസല്‍സിലേക്ക് പോകുകയാണ്. ബ്ലോക്ക് ക്യൂബെക്കോയിസില്‍ നിന്നുള്ള സൈമണ്‍-പിയറി സവാര്‍ഡ്-ട്രെംബ്ലേ ഈ ശരത്കാലത്തില്‍ ക്യൂബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ക്യൂബെക്കോയിസിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനം.

ഒരു എം പി ഔദ്യോഗികമായി രാജിവെച്ചാല്‍ സ്പീക്കര്‍ അത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ അറിയിക്കണം. അതിന് ശേഷം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് 11 മുതല്‍ 180 ദിവസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. പ്രചാരണ കാലയളവ് കുറഞ്ഞത് 36 ദിവസവും പരമാവധി 50 ദിവസവുമാണ്.

മുന്‍ കാബിനറ്റ് മന്ത്രിമാരായ സ്റ്റീവന്‍ ഗില്‍ബോള്‍ട്ടും നാഥാനിയല്‍ എര്‍സ്‌കിന്‍-സ്മിത്തും രാജിവെക്കുമെന്നാണ് പ്രതീക്ഷയെങ്കിലും തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. മുന്‍ എന്‍ ഡി പി അംഗവും നിലവില്‍ സ്വതന്ത്ര എം പിയുമായ അലക്‌സാണ്ടര്‍ ബൊളെറിസ് ക്യൂബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമേ രാജിവെക്കൂ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ഇതോടെ എല്ലാ ഒഴിവുകളും ഔദ്യോഗികമാകുന്നത് വരെ പ്രധാനമന്ത്രി കാത്തിരിക്കാനാണ് സാധ്യത. ജൂണ്‍ 23ന് നിലവിലെ രണ്ട് ഒഴിവുകളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ച സാഹചര്യത്തില്‍ ഡിസംബര്‍ 19 വരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സമയമുണ്ട്.

ഒക്ടോബര്‍ 5ന് നടക്കാനിരിക്കുന്ന ക്യൂബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പുമായി ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏറ്റുമുട്ടാതിരിക്കാന്‍ ലിബറല്‍ സര്‍ക്കാര്‍ ശ്രമിക്കാനും സാധ്യതയുണ്ട്. കാരണം ഒഴിവാകുന്ന ആറ് സീറ്റുകളില്‍ മൂന്നെണ്ണം ക്യൂബെക്കിലാണ്. ഇതോടെ നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസങ്ങളിലായിരിക്കും വോട്ടെടുപ്പ് നടക്കാനിടയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

മൂന്ന് എം പിമാരെ നഷ്ടപ്പെട്ടാലും സെപ്റ്റംബറില്‍ പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുമ്പോള്‍ മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടി നേരിയ ഭൂരിപക്ഷം നിലനിര്‍ത്തും.

അഞ്ച് എം പിമാര്‍ പാര്‍ട്ടി മാറി ലിബറലുകള്‍ക്കൊപ്പം ചേര്‍ന്നതും ഏപ്രിലില്‍ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും പാര്‍ട്ടിക്ക് ഭൂരിപക്ഷ പദവി ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച പാര്‍ലമെന്റ് പിരിയുമ്പോള്‍ സ്പീക്കര്‍ ഫ്രാന്‍സിസ് സ്‌കാര്‍പലെജിയയെ ഒഴിവാക്കി ലിബറലുകള്‍ക്ക് 173 അംഗങ്ങളുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആകെ അംഗബലം 169 ആയിരുന്നു.

വില്‍ക്കിന്‍സണും സവാര്‍ഡ്-ട്രെംബ്ലേയും രാജിവെച്ചതോടെ ലിബറല്‍ അംഗബലം 172 ആയി കുറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന്റെ ആകെ അംഗബലം 168 ആയി. വേനല്‍ക്കാലത്തിനിടെ രണ്ട് എം പിമാര്‍ കൂടി രാജിവെക്കുന്നതോടെ സെപ്റ്റംബറില്‍ പാര്‍ലമെന്റ് വീണ്ടും ചേരുമ്പോള്‍ ലിബറലുകള്‍ക്ക് 170 അംഗങ്ങളാകും. ഒഴിവുകള്‍ കാരണം പ്രതിപക്ഷത്തിന്റെ വോട്ടുകളുടെ എണ്ണം 166 ആയി ചുരുങ്ങുന്നതിനാല്‍ ലിബറലുകള്‍ക്ക് ഇപ്പോഴും ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയും.

ആറ് ഉപതിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടാല്‍ മാത്രമേ ലിബറല്‍ പാര്‍ട്ടി ന്യൂനപക്ഷ സര്‍ക്കാരായി മാറുകയുള്ളു. സാങ്കേതികമായി ഭൂരിപക്ഷം നിലനിര്‍ത്താന്‍ ലിബറലുകള്‍ക്ക് കുറഞ്ഞത് ഒരു മണ്ഡലമെങ്കിലും വിജയിക്കേണ്ടതുണ്ട്. സമനില വന്നാല്‍ സ്പീക്കറുടെ നിര്‍ണായക വോട്ട് സര്‍ക്കാരിന് സഹായകരമാകും.