ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷം ഇന്ത്യയിലേക്ക് വരികയായിരുന്ന 11 കപ്പലുകള്‍ സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യന്‍ പതാകയുള്ള 10 കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ തുടരുകയാണെന്നും പടിഞ്ഞാറന്‍ ഭാഗത്തുനിന്ന് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഗള്‍ഫിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് കടന്ന കപ്പലുകളില്‍ 2.85 ലക്ഷം മെട്രിക് ടണ്‍ വീതം ക്രൂഡ് ഓയില്‍ വഹിച്ച ഇന്ത്യന്‍ പതാകയുള്ള മൂന്ന് എണ്ണക്കപ്പലുകളും ഒരു വിദേശ പതാകയുള്ള എല്‍ പി ജി കപ്പലും ഒരു വിദേശ ക്രൂഡ് ഓയില്‍ ടാങ്കറും വളം കയറ്റിയ ആറ് വിദേശ ചരക്കുകപ്പലുകളും ഉള്‍പ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. ശേഷിക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്കും ഉടന്‍ കടലിടുക്ക് കടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള എണ്ണ- വാതക ഗതാഗതത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരത്തെ കുറിച്ച് അമേരിക്കയുടെയും ഇറാന്റെയും പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ക്കിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അമേരിക്ക നാവിക ഉപരോധം പിന്‍വലിക്കുകയും അമേരിക്ക- ഇറാന്‍ ധാരണ നിലവില്‍ വരികയും ചെയ്തതോടെ കഴിഞ്ഞ ആഴ്ച ഹോര്‍മുസ് കടലിടുക്ക് തുറന്നിരുന്നു.
എന്നാല്‍ ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് കടലിടുക്ക് വീണ്ടും അടച്ചതായി തെഹ്‌റാന്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് സൗദി അറേബ്യ, ഖത്തര്‍, ഇറാഖ്, കുവൈത്ത്, യു എ ഇ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ പ്രധാന പാതയാണ്.
അമേരിക്ക- ഇറാന്‍ യുദ്ധവും നാവിക ഉപരോധവും മൂലം എണ്ണവിതരണ ശൃംഖല തകരുകയും ആഗോള ഊര്‍ജവിതരണത്തില്‍ സമ്മര്‍ദം വര്‍ധിക്കുകയും ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ സമീപ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം വീണ്ടും സജീവമായതായി ട്രാക്കിങ് ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച മാത്രം ഹോര്‍മുസ് കടലിടുക്കിലൂടെ 1.9 കോടി ബാരല്‍ എണ്ണ കടന്നുപോയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ അവകാശപ്പെട്ടു. എണ്ണവില കുത്തനെ താഴുകയാണെന്നും ലോകം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമാണെന്നും ട്രംപ് കുറിച്ചു.
ജൂണ്‍ 17-ന് ഒപ്പുവെച്ച അമേരിക്ക- ഇറാന്‍ ധാരണയുടെ ഭാഗമായി ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കുറയ്ക്കാന്‍ ഇറാന്‍ സമ്മതിച്ചതോടൊപ്പം ഇറാനെതിരായ അമേരിക്കന്‍ പിന്തുണയുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കുകയും ഇറാന് സ്വതന്ത്രമായി എണ്ണ വില്‍ക്കാന്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നു.
