ആണവ പരിശോധനയ്ക്ക് ഇറാന്‍ പൂര്‍ണമായി സമ്മതിച്ചച്ചെന്ന് ട്രംപിന്റെ അവകാശവാദം

ആണവ പരിശോധനയ്ക്ക് ഇറാന്‍ പൂര്‍ണമായി സമ്മതിച്ചച്ചെന്ന് ട്രംപിന്റെ അവകാശവാദം


വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുരോഗമിക്കുന്നതിനിടെ ഭാവിയിലും ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആണവ പരിശോധനകള്‍ക്ക് ഇറാന്‍ പൂര്‍ണമായും സമ്മതിച്ചുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. വാഷിങ്ടണും തെഹ്‌റാനും തമ്മിലുള്ള ചര്‍ച്ചകളില്‍ ഇത് നിര്‍ണായക വിട്ടുവീഴ്ചയാണെന്നും ട്രംപ് വിശേഷിപ്പിച്ചു.

ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ദീര്‍ഘകാലത്തേക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ആണവ പരിശോധനകള്‍ക്ക് ഇറാന്‍ പൂര്‍ണമായും സമ്മതിച്ചിട്ടുണ്ടെന്നും ഇത് ആണവ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം കുറിച്ചു.

വ്യാജവാര്‍ത്താ മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്കും ഇറാന്റെ നിഷേധങ്ങള്‍ക്കുമിടയിലും അമേരിക്കയുടെ വിജയത്തെ ചെറുതാക്കി കാണിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറന്നുവെക്കാനും ഇറാനെതിരായ കൂടുതല്‍ നാവിക ഉപരോധ നടപടികള്‍ സ്വീകരിക്കാതിരിക്കാനും താന്‍ സമ്മതിച്ചതായും ട്രംപ് അറിയിച്ചു. എന്നാല്‍ സാഹചര്യം മാറിയാല്‍ ഉപരോധം പുനഃസ്ഥാപിക്കേണ്ടിവരാമെന്നതിനാല്‍ അമേരിക്കന്‍ നാവികസേനയുടെ സാന്നിധ്യം നിലവിലെ സ്ഥാനങ്ങളില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യത വളരെ കുറവാണെന്നും ട്രംപ് പറഞ്ഞു.

ഇറാനിലെ സ്ഥിതി ഗുരുതരമായ മാനുഷിക പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും അവിടേക്ക് സഹായം എത്തിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.