തിരുവനന്തപുരം: നവകേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വിവാദ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ ഡി.ജി.പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് സാധ്യത. കേസന്വേഷണത്തിൽ വലിയ രീതിയിലുള്ള അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. എസ്.ഐ.ടി തലവനായ എസ്.പി ഷൗക്കത്തലി ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഇന്നലെ സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിൽ എം.ആർ അജിത് കുമാറിനെതിരെ വ്യക്തമായ തെളിവുകളും സംശയങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർനടപടികൾ ശുപാർശ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ ഉടൻ തന്നെ നിർണായക തീരുമാനമെടുക്കുമെന്നാണ് വിവരം.
പിണറായിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഓഫീസില്‍ വെച്ച് കേസ് ഡയറി തിരുത്തിയെന്നാണ് മുന്‍ അന്വേഷണ സംഘം എഡിജിപിക്കെതിരെ മൊഴി നല്‍കിയത്. എഡിജിപി അജിത് കുമാറിന്റെ അറിവോടെ, ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് രേഖകള്‍ തിരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘത്തിന്റെ മൊഴി.
ചോദ്യം ചെയ്യലിൽ ഗ്രേഡ് എസ്.ഐ മാർ കുറ്റം സമ്മതിച്ചതിനെ തുടർന്ന് എസ്.ഐ.ടി, എ.ഡി.ജി.പിയുടെ ഓഫീസിലെത്തി സന്ദർശക രജിസ്റ്റർ, സി.സി ടിവി ദൃശ്യങ്ങൾ, കമ്പ്യൂട്ടറുകൾ എന്നിവ പരിശോധിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിരുന്നു. ആലപ്പുഴയിൽ നിന്നുള്ള അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തിയ ദിവസം എ.ഡി.ജി.പി ഓഫീസിലുണ്ടായിരുന്നുവെന്നും എസ്.ഐ.ടി സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് ഡയറി തിരുത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ മൊഴികളും കൃത്യമായ തെളിവുകളും പുറത്തുവന്നതോടെ എം.ആർ അജിത് കുമാറിനെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്.
രേഖകള്‍ എ.ഡി.ജി.പിയുടെ അറിവോടെ തിരുത്തിയെന്ന് ഗ്രേഡ് എസ്.ഐമാരും എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറിയ ശേഷമാണ് കേസ് പുനരന്വേഷിക്കാന്‍ എസ്.ഐ.ടിയെ നിയോഗിച്ചത്. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതി ചേര്‍ത്ത് എസ്.ഐ.ടി കോടതിയിലും ഡിജിപിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
'രക്ഷാപ്രവർത്തന' കേസ്: എം.ആർ അജിത് കുമാറിനെതിരെ ഡി.ജി.പി തല അന്വേഷണത്തിന് സാധ്യത, സർക്കാർ തീരുമാനം ഉടൻ
