മസ്‌കത്ത്: ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത നിയന്ത്രണവും മേഖലാ സഹകരണവും ചർച്ച ചെയ്യുന്നതിനായി ഇറാന്റെ പ്രധാന ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഖർ ഖാലിബാഫും വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചിയും ഒമാനിലേക്ക് പുറപ്പെട്ടു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഇറാനും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് പുറമെ, ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത ക്രമീകരണങ്ങളും മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയാകുമെന്ന് ഇറാൻ അറിയിച്ചു.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ചില ഉപരോധങ്ങൾ അമേരിക്ക താൽക്കാലികമായി പിൻവലിച്ച സാഹചര്യത്തിലാണ് ഈ സന്ദർശനം. യുഎസ് ട്രഷറി വകുപ്പ് 60 ദിവസത്തെ ഇളവ് അനുവദിച്ചതോടെ ഇറാന്റെ എണ്ണ ഉൽപാദനത്തിനും വിൽപ്പനയ്ക്കും വീണ്ടും അവസരം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ചൊവ്വാഴ്ച യുഎഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഇറാനുമായി കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ ഗൾഫ് സഖ്യരാജ്യങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ബഹ്‌റൈനിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഗൾഫ് സഹകരണ കൗൺസിലിലെ (GCC) അംഗരാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നിവയുടെ പ്രതിനിധികളുമായും റൂബിയോ ചർച്ച നടത്തും.
ഇറാനുമായുള്ള സമാധാന ശ്രമങ്ങളെ ഗൾഫ് രാജ്യങ്ങൾ പൊതുവെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ധാരണാപത്രത്തിലെ ചില വ്യവസ്ഥകൾ അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇറാന്റെ പുനർനിർമാണത്തിനായി 300 ബില്യൺ ഡോളർ വരെ ചെലവഴിക്കുന്ന പദ്ധതികൾ ഭാവിയിൽ ഇറാന്റെ സൈനിക ശേഷി വർധിപ്പിക്കാനും മേഖലയിൽ പ്രവർത്തിക്കുന്ന അനുബന്ധ സായുധസംഘങ്ങളെ ശക്തിപ്പെടുത്താനും ഇടയാക്കുമെന്നാണ് ആശങ്ക.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയെക്കുറിച്ച് ധാരണാപത്രത്തിൽ വ്യക്തമായ വ്യവസ്ഥകളില്ലാത്തതും ഗൾഫ് രാജ്യങ്ങളുടെ ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ മാസങ്ങളിലുണ്ടായ ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ആഘാതം ഏറ്റുവാങ്ങിയ രാജ്യങ്ങളാണ് യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്രൈൻ, ഖത്തർ എന്നിവ.
ഇവിടങ്ങളിലെല്ലാം അമേരിക്കൻ സൈനിക താവളങ്ങളും പ്രവർത്തിക്കുന്നതിനാൽ പുതിയ അമേരിക്ക-ഇറാൻ ധാരണയുടെ സുരക്ഷാ പ്രത്യാഘാതങ്ങൾ ഗൾഫ് മേഖലയിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് ചർച്ചയ്ക്ക് ഇറാൻ നേതാക്കൾ ഒമാനിലേക്ക്; ഗൾഫ് രാജ്യങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് റൂബിയോ
