ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ സ്‌ഫോടനം; മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ സ്‌ഫോടനം; മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ


ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ എൽഎൻജി (LNG) അനുബന്ധ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരിൽ 12 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടർന്ന് ഖത്തർ അധികൃതർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരണവിവരം സ്ഥിരീകരിച്ചത്. മരിച്ച ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങൾക്ക് ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി.

'റാസ് ലഫാൻ ദുരന്തത്തിൽ 12 ഇന്ത്യൻ പൗരന്മാർ മരിച്ചതായി ഖത്തർ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു,' ഇന്ത്യൻ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

സഫോടനത്തിൽ പരിക്കേറ്റ എല്ലാവരുടെയും നില നിലവിൽ തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിവരുകയാണെന്നും ഖത്തർ അധികൃതർ അറിയിച്ചു.

അപകടത്തിൽ ബാധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ സഹായവും ലഭ്യമാക്കാൻ ഖത്തർ അധികൃതരുമായി ഇന്ത്യൻ എംബസി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് എംബസി വ്യക്തമാക്കി.

സ്‌ഫോടനത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം ഖത്തർ അധികൃതർ തുടരുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റാസ് ലഫാൻ വ്യവസായ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളും പുനഃപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.