വാഷിങ്ടൺ: ഇന്ത്യ ഉപയോഗിക്കുന്ന അപ്പാച്ചി ആക്രമണ ഹെലികോ്ര്രപറുകൾക്കും എം777എ2 ഹോവിറ്റ്‌സർ പീരങ്കികൾക്കും ആവശ്യമായ സാങ്കേതികപരിപാലന സേവനങ്ങൾ നൽകുന്നതിനായി 428 മില്യൺ ഡോളർ (ഏകദേശം 3,600 കോടി രൂപ) മൂല്യമുള്ള പ്രതിരോധ സഹായ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച വിവരം അമേരിക്കൻ പ്രതിരോധ വകുപ്പ് കോൺഗ്രസിനെ അറിയിച്ചു.
ലോജിസ്റ്റിക് പിന്തുണ, എൻജിനീയറിങ് സേവനങ്ങൾ, സ്‌പെയർ പാർട്‌സ്, അറ്റകുറ്റപ്പണികൾ, സൈനികർക്കുള്ള പരിശീലനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. കോൺഗ്രസിന്റെ അനുമതിക്ക് ശേഷമാണ് കരാർ പ്രാബല്യത്തിൽ വരിക. എന്നാൽ നിലവിലെ സാഹചര്യത്തിൽ കരാറിനെതിരെ എതിർപ്പ് ഉയരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
ഇന്ത്യ-അമേരിക്ക തന്ത്രപ്രധാന പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇൻഡോ-പസഫിക് മേഖലയിലെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനും ഈ കരാർ സഹായിക്കുമെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
ഇന്ത്യയുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാനുമുള്ള കഴിവ് മെച്ചപ്പെടുത്താനുമാണ് ഈ സഹായമെന്നും മേഖലയുടെ സൈനിക സന്തുലിതാവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.
ബോയിങ് നിർമ്മിക്കുന്ന 28 അപ്പാച്ചി ഹെലികോപ്റ്ററുകളും 145 എം777 ഹോവിറ്റ്‌സർ പീരങ്കികളും ഇന്ത്യയ്ക്ക് അമേരിക്ക ഇതിനകം കൈമാറിയിട്ടുണ്ട്. 2015ലാണ് 22 അപ്പാച്ചി ഹെലികോ്ര്രപറുകൾ വാങ്ങാനുള്ള ബഹുകോടി ഡോളർ കരാർ ഇന്ത്യ പ്രഖ്യാപിച്ചത്. തുടർന്ന് 2016ൽ ഏകദേശം 737 മില്യൺ ഡോളർ ചെലവിൽ 145 എം777 ഹോവിറ്റ്‌സർ പീരങ്കികൾ വാങ്ങുന്നതിനുള്ള കരാറും ഒപ്പുവെച്ചു.
2025 നവംബറിൽ ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ സംവിധാനവും എക്‌സ്‌കാലിബർ കൃത്യതാ ഷെല്ലുകളും ഇന്ത്യയ്ക്ക് വിൽക്കാൻ അമേരിക്ക അനുമതി നൽകിയിരുന്നു. ഇവയുടെ മൊത്തം മൂല്യം ഏകദേശം 92.8 മില്യൺ ഡോളറാണ്.
ഇന്ത്യ-അമേരിക്ക ബന്ധത്തിൽ കഴിഞ്ഞ വർഷം ചില നയതന്ത്ര സംഘർഷങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രതിരോധ സഹകരണം തുടർച്ചയായി ശക്തിപ്പെടുകയാണ്. 2025 ഒക്ടോബറിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും 10 വർഷത്തെ പുതിയ പ്രതിരോധ സഹകരണ ചട്ടക്കൂടിൽ ഒപ്പുവെച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ സേനയുടെ മൂന്ന് മേധാവിമാരും അമേരിക്ക സന്ദർശിച്ചതോടൊപ്പം യുഎസ് ഇൻഡോ-പസഫിക് കമാൻഡ് മേധാവി അഡ്മിറൽ സാമുവൽ പപ്പാരോയും സപേസ് കമാൻഡ് മേധാവി ജനറൽ സ്റ്റീഫൻ വൈറ്റിംഗും ഇന്ത്യ സന്ദർശിച്ചതും ഇരുരാജ്യങ്ങളുടെയും പ്രതിരോധ ബന്ധം കൂടുതൽ ആഴത്തിലായതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയ്ക്ക് 428 മില്യൺ ഡോളറിന്റെ സൈനിക സഹായ പാക്കേജ്; അപ്പാച്ചി ഹെലികോപ്റ്ററുകൾക്കും എം777 ഹോവിറ്റ്‌സറുകൾക്കും അമേരിക്കയുടെ പിന്തുണ
