മെസ്സിക്ക് ഇരട്ട റെക്കോർഡ്; ഓസ്ട്രിയയെ കീഴടക്കി അർജന്റീന പ്രീക്വാർട്ടറിൽ

മെസ്സിക്ക് ഇരട്ട റെക്കോർഡ്; ഓസ്ട്രിയയെ കീഴടക്കി അർജന്റീന പ്രീക്വാർട്ടറിൽ


ഡാളസ്: ലോക ഫുടബോളിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറിയ മെസ്സിയുടെ മികവിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു.

38കാരനായ അർജന്റീനൻ നായകൻ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിലെ ആദ്യ ഗോൾ നേടിയതോടെ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളുടെ റെക്കോർഡ് മെസ്സി മറികടന്നു. ഇതോടെ പുരുഷ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന നേട്ടം മെസ്സിക്ക് സ്വന്തമായി.

തുടർച്ചയായ ആറാം ലോകകപ്പ് മത്സരത്തിലും വലകുലുക്കിയ മെസ്സി, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ തന്റെ രണ്ടാം ഗോളും നേടി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ പുരുഷവനിതാ വിഭാഗങ്ങൾ ചേർത്ത് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബ്രസീലിയൻ താരം മാർട്ടയുടെ സർവകാല റെക്കോർഡും മെസ്സി മറികടന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഓസ്ട്രിയ മികച്ച പ്രതിരോധം തീർത്തെങ്കിലും അർജന്റീനയുടെ വേഗമേറിയ മുന്നേറ്റങ്ങൾ അവരെ സമ്മർദത്തിലാക്കി. ജൂലിയൻ അൽവാരസിന്റെ ഷോട്ട് ഓസ്ട്രിയൻ ഗോൾകീപ്പർ ഷ്‌ലാഗർ തടഞ്ഞെങ്കിലും റീബൗണ്ട് ലഭിച്ച പന്ത് എൻസോ ഫെർണാണ്ടസ് മെസ്സിക്ക് കൈമാറി. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ അവസരത്തിൽ മെസ്സി പന്ത് വലയിലെത്തിച്ച് അർജന്റീനയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിലും അർജന്റീന കളി നിയന്ത്രിച്ചപ്പോൾ അവസാന നിമിഷങ്ങളിൽ മെസ്സി വീണ്ടും ഗോൾ നേടി ചരിത്രനേട്ടം പൂർത്തിയാക്കി.

വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന നോക്കൗട്ട് റൗണ്ടിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. റെക്കോർഡുകൾ ഒന്നിന് പിന്നാലെ ഒന്നായി സ്വന്തമാക്കിയ മെസ്സിക്ക് ഡാളസിലെ സ്റ്റേഡിയത്തിൽ ആവേശകരമായ വരവേൽപ്പാണ് ആരാധകർ നൽകിയത്.