പാരിസ്: യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന അതിശക്തമായ ഉഷ്ണതരംഗത്തിനിടെ ഫ്രാന്‍സില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ 40 പേര്‍ മുങ്ങിമരിച്ചതായി പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു അറിയിച്ചു. റെക്കോര്‍ഡ് താപനില അനുഭവിക്കുന്ന ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് ചൂടിന്റെ ആഘാതം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
അപകടസാധ്യത കണക്കാക്കാതെ നദികളിലും കനാലുകളിലും നീന്താന്‍ ഇറങ്ങുന്നത് വലിയ ഭീഷണിയാണെന്ന് ഫ്രാന്‍സിന്റെ കായിക- യുവജനകാര്യ മന്ത്രി മറീന ഫെരാരി മുന്നറിയിപ്പ് നല്‍കി. ചൂടില്‍ നിന്ന് രക്ഷനേടാന്‍ പലരും നദികളിലും കനാലുകളിലും ഇറങ്ങുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
തിങ്കളാഴ്ച ഫ്രാന്‍സില്‍ ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രിയും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രാത്രികളിലൊന്നായി മാറി. ശരാശരി കുറഞ്ഞ താപനില 21.6 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്ന് മെറ്റിയോ ഫ്രാന്‍സ് അറിയിച്ചു. രാജ്യത്തിന്റെ പകുതിയിലധികം പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുങ്ങിമരിച്ചവരില്‍ നീന്താന്‍ അറിയാതിരുന്ന 13 കാരിയായ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. കുടുംബത്തോടൊപ്പം സെയ്ന്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ലിയോണ്‍ നഗരത്തിനടുത്തുള്ള റോണ്‍ നദിയില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവ ഫുട്‌ബോള്‍ താരത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. നീന്തല്‍ നിരോധിച്ച മേഖലയില്‍ ഇറങ്ങിയ നാലു യുവാക്കളെ രക്ഷപ്പെടുത്താന്‍ അടിയന്തരസേവന വിഭാഗം രംഗത്തിറങ്ങി.
തെക്കന്‍ ഫ്രാന്‍സിലെ കാര്‍പെന്‍ട്രാസില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ കണ്ടെത്തിയ രണ്ട്, നാല് വയസ്സുള്ള കുട്ടികളുടെ മരണത്തിനും അതിശക്തമായ ചൂടാണ് കാരണമെന്നാണ് വിലയിരുത്തല്‍.
സ്‌പെയിനില്‍ ഉഷ്ണതരംഗം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ചില പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ആന്‍ഡലൂസിയയിലും വടക്കന്‍ കാന്താബ്രിയ, ബാസ്‌ക് മേഖലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോര്‍ഡോബ നഗരത്തിന് സമീപമുള്ള ഗ്രാമപ്രദേശങ്ങളില്‍ ചൊവ്വാഴ്ച താപനില 44 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്താന്‍ സാധ്യതയുണ്ടെന്ന് സ്പാനിഷ് കാലാവസ്ഥാ ഏജന്‍സിയായ എമെറ്റ് അറിയിച്ചു. തിങ്കളാഴ്ച 828 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ 101 ഇടങ്ങളില്‍ 40 ഡിഗ്രിയോ അതിലധികമോ രേഖപ്പെടുത്തി. ആന്‍ഡുജാറില്‍ 45 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
റോം, മിലാന്‍, ഫ്‌ളോറന്‍സ്, ടൂറിന്‍, വെനീസ് ഉള്‍പ്പെടെ 15 നഗരങ്ങളില്‍ റെഡ് ഹീറ്റ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്കുപോലും അപകടസാധ്യത സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കൃഷി, നിര്‍മാണ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഏറ്റവും ചൂടേറിയ സമയങ്ങളില്‍ ജോലി ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി അടിയന്തര തൊഴില്‍ സംരക്ഷണ നടപടികള്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ വീണ്ടും നടപ്പാക്കി. പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ പിന്തുണയോടെയുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും.
ജര്‍മ്മനിയുടെ പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ഈ ആഴ്ച അവസാനം താപനില 40 ഡിഗ്രിയിലെത്തുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ആറു പേര്‍ മുങ്ങിമരിച്ചതായി ജര്‍മന്‍ ലൈഫ്സേവിംഗ് അസോസിയേഷന്‍ അറിയിച്ചു. സ്വന്തം കഴിവുകളിലെ അമിത ആത്മവിശ്വാസമാണ് പല അപകടങ്ങള്‍ക്കും കാരണമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
പാരിസിലെ ഉയര്‍ന്ന താപനില കാരണം ഐഫല്‍ ടവര്‍ ചൊവ്വാഴ്ച നേരത്തേ അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അര്‍ധരാത്രിവരെ തുറന്നിരിക്കേണ്ട ടവര്‍ വൈകിട്ട് നാല് മണിക്ക് അടയ്ക്കുകയും ഉച്ചയ്ക്ക് 12.15 വരെ മാത്രമാണ് പ്രവേശനം അനുവദിക്കുകയും ചെയ്തത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ലൂവ്ര് മ്യൂസിയവും ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ പ്രവര്‍ത്തനസമയം വൈകിട്ട് ആറു മണിയില്‍ നിന്ന് നാല് മണിയാക്കി ചുരുക്കി. ചരിത്രപ്രാധാന്യമുള്ള കെട്ടിടം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിടാന്‍ പര്യാപ്തമല്ലെന്നും സന്ദര്‍ശകരുടെ തിരക്ക് വൈകുന്നേരത്തോടെ ചൂട് വര്‍ധിപ്പിക്കുന്നുവെന്നും മ്യൂസിയം അധികൃതര്‍ വ്യക്തമാക്കി.
50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂട് റെയില്‍പാളങ്ങള്‍ താങ്ങില്ലെന്ന് പാരിസ് മേഖലയുടെ പ്രസിഡന്റ് വാലറി പെക്രസ് മുന്നറിയിപ്പ് നല്‍കി. പൊതുഗതാഗതത്തില്‍ വലിയ തടസ്സങ്ങള്‍ നേരിടേണ്ടിവരുമെന്നും സാധ്യമെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഗോള്‍ഫെഷ് ആണവനിലയം ഗാരോണ്‍ നദിയിലെ ജലതാപനില 28 ഡിഗ്രി സെല്‍ഷ്യസിലെത്തിയതിനെ തുടര്‍ന്ന് താത്ക്കാലികമായി അടച്ചു. റിയാക്ടറുകള്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനില നിയമപരമായി അതിലധികമാകാന്‍ പാടില്ല.
നെതര്‍ലന്‍ഡ്‌സിലും ബെല്‍ജിയത്തിലും ജര്‍മ്മനിയിലും വെള്ളിയാഴ്ചയോടെ ചൂട് കൂടുതല്‍ രൂക്ഷമാകുമെന്നാണ് പ്രവചനം. നെതര്‍ലന്‍ഡ്‌സ് കാലാവസ്ഥാ വകുപ്പ് 'കോഡ് ഓറഞ്ച്' മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബെല്‍ജിയം ദേശീയ ഓസോണ്‍-ഹീറ്റ് പദ്ധതിയുടെ മുന്നറിയിപ്പ് ഘട്ടവും സജീവമാക്കി. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
