നിലവില്‍ ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റിന് 46 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി

നിലവില്‍ ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റിന് 46 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി


ന്യൂഡല്‍ഹി: രാജ്യമെമ്പാടുമുള്ള ട്രെയിന്‍ ടിക്കറ്റിന് 46 ശതമാനം കിഴിവ് നിലവില്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നുണ്ടെന്ന്  കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതിലൂടെ എല്ലാ യാത്രക്കാര്‍ക്കും ഇന്ത്യന്‍ റെയില്‍വേ പ്രതിവര്‍ഷം 56,993 കോടി രൂപയാണ് സബ്സിഡിയായി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.


ഒരു ടിക്കറ്റിന്റെ വില 100 രൂപയാണെങ്കില്‍, റെയില്‍വേ ഈടാക്കുന്നത് വെറും 54 രൂപയാണ് അതായത് 46 ശതമാനമാണ് കിഴിവ് നല്‍കുന്നത്. എല്ലാ യാത്രക്കാര്‍ക്കും ഇന്ത്യന്‍ റെയില്‍വേ പ്രതിവര്‍ഷം 56,993 കോടി രൂപ സബ്സിഡി നല്‍കുന്നുണ്ടെന്ന് ചോദ്യോത്തര വേളയില്‍ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

റാപ്പിഡ് ട്രെയിന്‍ സര്‍വീസിനെക്കുറിച്ചുള്ള (Rapid Train Service) മറ്റൊരു ചോദ്യത്തിന് മറുപടിയായി, ഭുജിനും അഹമ്മദാബാദിനുമിടയില്‍ നമോ ഭാരത് സര്‍വീസ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ മികച്ച സേവനത്താല്‍ യാത്രക്കാരുടെ സംതൃപ്തി വളരെ ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.

ഭുജിനും അഹമ്മദാബാദിനും ഇടയിലുള്ള 359 കിലോമീറ്റര്‍ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് നിരവധി സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ നല്‍കി നമോ ഭാരത് റാപ്പിഡ് റെയില്‍ ഇന്റര്‍സിറ്റി കണക്റ്റിവിറ്റി മെച്ചപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.