ബുലന്ദ്ശഹർ: കോടതിവളപ്പിൽ അഭിഭാഷകന്റെ കൈയിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കുരങ്ങൻ മരത്തിൽ കയറി നോട്ടുകൾ വാരിവിതറിയ സംഭവം ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ കൗതുകമായി. രണ്ട് ലക്ഷം രൂപയുമായി എത്തിയ അഭിഭാഷകന്റെ ബാഗാണ് കുരങ്ങൻ തട്ടിയെടുത്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ബുലന്ദ്ശഹർ ജില്ലാ കോടതിക്ക് സമീപത്തെ കച്ചേരി റോഡിലാണ് സംഭവം. ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടികൾക്കായി രണ്ട് ലക്ഷം രൂപയും സ്റ്റാമ്പ് പേപ്പർ വാങ്ങുന്നതിനുള്ള രേഖകളുമായി അഭിഭാഷകനായ രവീന്ദ്ര കോടതിയിലെത്തിയതായിരുന്നു. അഭിഭാഷക ചേമ്പറുകൾക്ക് സമീപം സഹപ്രവർത്തകനൊപ്പം നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്.
പെട്ടെന്ന് എത്തിയ കുരങ്ങൻ പണം നിറച്ച ബാഗ് പിടിച്ചുപറിച്ച് കോടതി വളപ്പിലെ ഒരു മരത്തിലേക്ക് കയറി. തുടർന്ന് ബാഗ് കീറിയ കുരങ്ങൻ അതിനുള്ളിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ താഴേക്ക് എറിഞ്ഞുതുടങ്ങി. ഇതോടെ മരത്തിന് ചുറ്റും ആളുകൾ കൂടി. മുകളിൽ നിന്ന് മഴപോലെ നോട്ടുകൾ വീഴുന്നത് കണ്ടവർ അതിശയത്തോടെ പണം ശേഖരിക്കാനും തുടങ്ങി.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ അഭിഭാഷകന്റെ പണത്തിന്റെ ഭൂരിഭാഗവും തിരിച്ചുകിട്ടി. എന്നാൽ 2,000 മുതൽ 5,000 രൂപ വരെ നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്.
അസാധാരണ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കോടതി വളപ്പിൽ നടന്ന 'നോട്ടുമഴ' കണ്ട് നിരവധി പേർ രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. കുരങ്ങന്റെ 'കുസൃതി' സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
അഭിഭാഷകന്റെ ബാഗ് തട്ടിപ്പറിച്ച് മരത്തിലേക്ക് കയറിയ കുരങ്ങൻ കോടതി വളപ്പിൽ നോട്ടുമഴ പെയ്യിച്ചു
