നായ്പിഡോ: മ്യാൻമറിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഖനന ആവശ്യങ്ങൾക്കായി സഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ വൻ പൊട്ടിത്തെറിയിൽ 45ലേറെ പേർ മരിച്ചു. നിരവധി കുട്ടികളും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. 70ലധികം പേർക്ക് പരിക്കേറ്റതായും രക്ഷാപ്രവർത്തകർ അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് ചൈനീസ് അതിർത്തിയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള നാംഖാം ടൗൺഷിപ്പിലെ കൗങ്ടുപ് ഗ്രാമത്തിൽ അപകടമുണ്ടായത്. മേഖല നിലവിൽ താങ് നാഷണൽ ലിബറേഷൻ ആർമി (TNLA) എന്ന സായുധ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്.
വൈകുന്നേരത്തോടെ 46 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നതായി സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അറിയിച്ചു. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റ 74 പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
സഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നൂറിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ 50 മുതൽ 55 വരെ ആയേക്കാമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഖനന പ്രവർത്തനങ്ങൾക്കും കല്ല് ഖനന കേന്ദ്രങ്ങൾക്കുമായി ഉപയോഗിക്കുന്ന ജെലിഗ്‌നൈറ്റ് എന്ന സഫോടക വസ്തുവാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നതെന്ന് TNLA വ്യക്തമാക്കി. സഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും സംഘടന അറിയിച്ചു. ഖനന മേഖലയിലെ സാധാരണ സഫോടക വസ്തുവായ ജെലിഗ്‌നൈറ്റ് ദീർഘകാലം സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചാൽ അതീവ അപകടകാരിയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തെ തുടർന്ന് പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്കായി അടിയന്തര സഹായം, ചികിത്സാ സൗകര്യങ്ങൾ, പുനരധിവാസ നടപടികൾ എന്നിവ ആരംഭിച്ചിട്ടുണ്ട്.
2023 അവസാനം സൈന്യത്തിനെതിരെ വലിയ ആക്രമണം നടത്തിയ 'ത്രി ബ്രദർഹുഡ് അലയൻസ്' സഖ്യത്തിന്റെ ഭാഗമാണ് TNLA. പിന്നീട് ഈ മേഖല സംഘടനയുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ വർഷം ചൈനയുടെ മധ്യസ്ഥതയിൽ മ്യാൻമർ സൈന്യവുമായി വെടിനിർത്തൽ കരാറിലെത്തിയെങ്കിലും മേഖലയിലെ സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്.
2021 ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ചെടുത്തതോടെ മ്യാൻമർ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്. ജനാധിപത്യ സർക്കാരിനെ പുറത്താക്കി സൈനികഭരണം സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പിന്നീട് പ്രതിഷേധങ്ങൾ അക്രമാസക്തമായി അടിച്ചമർത്തപ്പെട്ടതോടെ വിവിധ സായുധ വിഭാഗങ്ങളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ രാജ്യത്ത് തുടരുകയാണ്.
സ്‌ഫോടക വസ്തു ഗോഡൗണിൽ വൻ പൊട്ടിത്തെറി; മ്യാൻമറിൽ 45ലേറെ മരണം, നിരവധി കുട്ടികളും ഇരയായി
