അഭിഷേക് ബാനർജിക്ക് പിന്നാലെ കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; കല്ലേറിൽ പരിക്ക്, പരിക്കേൽക്കുന്ന ദൃശ്യങ്ങളും പുറത്ത്

അഭിഷേക് ബാനർജിക്ക് പിന്നാലെ കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; കല്ലേറിൽ പരിക്ക്, പരിക്കേൽക്കുന്ന ദൃശ്യങ്ങളും പുറത്ത്


കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ടി.എം.സിയുടെ എം.പി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം. ഹൂഗ്ലിയിലെ ചണ്ഡിതലയില്‍ വെച്ച് ശ്രീരാംപൂര്‍ എം.പിയായ കല്യാണ്‍ ബാനര്‍ജിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 

തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാൻ കല്യാണ്‍ ബാനര്‍ജിയും അദ്ദേഹത്തിന്റെ അനുയായികളും ഇന്ന് രാവിലെ ചണ്ഡിതലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കല്യാണ്‍ ബാനര്‍ജി ഒരു ട്രക്കിന് അരികിലൂടെ നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്ന് എന്തോ ഒന്ന് തലയില്‍ വന്ന് അടിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ അദ്ദേഹം തലയില്‍ പിടിച്ച് നിലത്തുവീണു. അദ്ദേഹം പെട്ടെന്ന് തന്നെ എഴുന്നേറ്റെങ്കിലും നേരെ നില്‍ക്കാന്‍ കഴിഞ്ഞില്ല. 

തന്റെ തലയ്ക്ക് നേരെ ക്രിക്കറ്റ് പന്തോ കല്ലോ എറിഞ്ഞതാണെന്ന് എം.പി പിന്നീട് ആരോപിച്ചു. തന്നെ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്നും പിന്നില്‍ ബി.ജെ.പി ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഗതാഗതക്കുരുക്ക് കാരണം തന്റെ കാര്‍ പിന്നില്‍ ഉപേക്ഷിച്ചാണ് മുന്നോട്ട് നടന്നത്. പെട്ടെന്ന് 10-15 ഗുണ്ടകള്‍ മുദ്രാവാക്യം വിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അവര്‍ ചീത്തവിളിച്ചെങ്കിലും ഞാന്‍ മുന്നോട്ട് നടന്നു. ആ സമയത്താണ് എന്റെ തലയിലേക്ക് ഒരു കല്ല് എറിഞ്ഞത്. എന്റെ കുര്‍ത്തയിലും പൈജാമയിലും രക്തം പുരണ്ടിരുന്നു. ഞാന്‍ റോഡില്‍ വീണുപോയി, ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്'-  കല്യാൺ ബാനർജി പറഞ്ഞു.

ദക്ഷിണ പര്‍ഗാനാസിലെ സോനാര്‍പൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളില്‍ ഇരയായ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനിടെയാണ് അഭിഷേക് ബാനര്‍ജിക്കും കഴിഞ്ഞ ദിവസം ആക്രമണം നേരിട്ടിരുന്നു.