ഒന്നര വയസുകാരന്റെ കൊലപാതകം: അഷ്കർ കൊടും ക്രൂരൻ; കുഞ്ഞിന്റെ ശരീരത്ത് 50ൽ അധികം മുറിവുകൾ, കൈയേറ്റം ചെയ്ത് നാട്ടുകാർ

ഒന്നര വയസുകാരന്റെ കൊലപാതകം: അഷ്കർ കൊടും ക്രൂരൻ; കുഞ്ഞിന്റെ ശരീരത്ത് 50ൽ അധികം മുറിവുകൾ, കൈയേറ്റം ചെയ്ത് നാട്ടുകാർ


തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമർദനമേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛൻ അഷ്കർ കൊടുംക്രൂരനെന്ന് കുഞ്ഞിന്റെയും ആദ്യ ഭാര്യയുടെയും ബന്ധുക്കൾ. കുഞ്ഞിന്റെ കൈ ഒടിഞ്ഞപ്പോൾ തന്നെ പോലീസിന് പരാതി നൽകിയിരുന്നതാണെന്ന് കുഞ്ഞിന്റെ അമ്മയുടെ അമ്മ പറഞ്ഞു. 

സംഭവദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും ദേഷ്യം വന്നപ്പോൾ തല ഭിത്തിയിൽ ശക്തമായി ഇടിപ്പിച്ചതായും പ്രതി അഷ്കർ മൊഴി നൽകി. ഉടൻ തന്നെ കുഞ്ഞിൻ്റെ ബോധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭാവിയിൽ ബാദ്ധ്യതയാകുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയതെന്നും അയാൾ സമ്മതിച്ചു. പലതവണ മർദ്ദിച്ചിരുന്നു. ലൈറ്റർ കൊണ്ട് പൊള്ളിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മരണകാരണമായ മർദ്ദനങ്ങൾ അടക്കം 50ൽ അധികം പരിക്കുകളുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിൻ്റെ കൈകാലുകളിലും മുതുകിലും കാൽപാദത്തിൻ്റെ അടിവശത്തും പൊള്ളിച്ച അടയാളങ്ങളുണ്ട്. കൂടാതെ എല്ലുകൾക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.

പനവൂർ കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനാണ് മരിച്ച അർഷിദ്. സംഭവത്തിൽ അഖിലെയെയും അഷ്കറിനെയും ഇന്നലെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി പ്രതി അഷ്കറിനെ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ അക്രമാസക്തരാകുകയും പ്രതിക്കു നേരേ കയ്യേറ്റ ശ്രമം നടത്തുകയുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതിനാല്‍ പ്രതിയെ രക്ഷപ്പെടുത്തി പോലീസ് സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു

ആദ്യം കുട്ടിയെ നോക്കിയിരുന്ന അഖിലയുടെ അമ്മ റീന, കുഞ്ഞിന് നേരെ ഉപദ്രവമുണ്ടാകുന്നെന്ന് മനസ്സിലാക്കി സംരക്ഷണാവകാശം തേടി നെടുമങ്ങാട് പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ നിയമപരമായ അവകാശം അമ്മയ്ക്കാണെന്ന് പറഞ്ഞ് പോലീസ് കുഞ്ഞിനെ അഖിലയ്ക്കൊപ്പം വിടുകയായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്റെ കൈ ഒടിഞ്ഞ വിവരമറിഞ്ഞ് അർഷിദിൻ്റെ അന്തരിച്ച പിതാവ് അഖിലിൻ്റെ കുടുംബവും പോലീസിൽ പരാതി നൽകിയിരുന്നു. രണ്ട് വർഷം മുമ്പ് അഖില മൂന്ന് മാസം ​ഗർഭിണിയായിരുന്നപ്പോഴാണ് ഭർത്താവ് അഖിൽ ജീവനൊടുക്കിയത്. പിന്നീട് ഡ‍്രൈവറായ അർഷദിനൊപ്പം താമസം തുടങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. 

അതിനിടെ തന്റെ മകളോടും അഷ്‌കര്‍ ക്രൂരത കാണിച്ചതായി ആദ്യഭാര്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 'അഷ്‌കര്‍ മര്‍ദ്ദിച്ചിതിനെ തുടർന്നാണ് എന്റെ മകൾ രണ്ട് വർഷമായി കിടപ്പിലായത്. വീട്ടില്‍ നിന്ന് അഷ്‌കര്‍ മകളെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. അവന്റെ വീട്ടില്‍ എത്തിയ ശേഷം മകളെ നിരവധി തവണ മര്‍ദ്ദിച്ചിട്ടുണ്ട്. മകളുടെ തല ഭിത്തിയില്‍ കൊണ്ടുപോയി ഇടിപ്പിച്ചിട്ടുണ്ട്. തലയിടിച്ച് ബോധംകെട്ട് പലദിവസവും കിടന്നിട്ടുണ്ട്. വീട്ടില്‍ പോണമെന്ന് പറഞ്ഞപ്പോള്‍ അവന്റെ അമ്മയും സഹോദരിയും ഇവനും കൂടി മകളെ വലിച്ചിഴച്ചു ബാത്ത്‌റൂമില്‍ കൊണ്ടുപോയി വയറ്റില്‍ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. കൊല്ലാന്‍ ശ്രമിച്ചു. മര്‍ദ്ദനത്തില്‍ ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ വരെ ശ്രമിച്ചു. മകള്‍ക്ക് ബോധംവന്നത് കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മകള്‍ കരഞ്ഞു വിളിച്ചപ്പോള്‍ അയല്‍വാസികള്‍ ഞങ്ങളെ വിളിച്ചു. മകള്‍ 13 മാസത്തോളം കോമ സ്‌റ്റേജിലായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടര മാസം വെന്റിലേറ്ററിലായിരുന്നു. പത്തുമാസമായിട്ടുള്ളൂ ഓര്‍മ്മ തിരിച്ചുകിട്ടിയിട്ട്. മകള് ഇപ്പോഴും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കില്ല. രണ്ടു വര്‍ഷമായി ഹോസ്പിറ്റലില്‍ പോകുന്നു. അവന്റെ മര്‍ദ്ദനം കൊണ്ടാണ് സംഭവിച്ചത്. പലപ്രാവശ്യം പോലീസില്‍ പരാതി കൊടുത്തു. നെടുമങ്ങാട് പോലീസ് കണക്കിലെടുത്തില്ല.